കണ്ണൂർ: ജില്ലയിൽ അഞ്ചുവർഷത്തിനുള്ളിൽ 252-ലധികം ബോംബുകളാണ് കണ്ടെടുത്തത്. ആറുമാസത്തിനിടെ 15 ബോംബുകൾ കണ്ടെത്തി. ഈ സാഹചര്യത്തിൽ മറ്റു ജില്ലകളിലെ ബോംബ് സ്‌ക്വാഡിനെ കണ്ണൂരിൽ എത്തിക്കാൻ തീരുമാനിച്ചു. മൂന്നുവർഷത്തിനിടെ എട്ടിടത്താണ് ജില്ലയിൽ സ്‌ഫോടനമുണ്ടായത്. പാനൂർ സ്ഫോടനം ഉൾപ്പെടെ നാടൻബോംബ് നിർമാണത്തിനിടെ 1998-നുശേഷം മരിച്ചത് 10 പേരാണ്. അതിൽ ആറുപേർ സി.പി.എം. പ്രവർത്തകരും നാലുപേർ ആർ.എസ്.എസ്. പ്രവർത്തകരുമാണ്. പാനൂർ, കൊളവല്ലൂർ, തലശ്ശേരി എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും ബോംബുകൾ കണ്ടെത്തിയത്. ജില്ലയിലെ ആൾത്താമസമില്ലാത്ത വീടുകൾ, ഒഴിഞ്ഞ പറമ്പുകൾ എന്നിവയുടെ പട്ടിക തയ്യാറാക്കി പരിശോധന നടത്തും. പഞ്ചായത്തുകളുടെ സഹായത്തോടെ ഒഴിഞ്ഞയിടങ്ങൾ കണ്ടെത്തി പ്രത്യേക നിരീക്ഷണവും പരിശോധനയും നടത്തും. ഓരോ ആഴ്ചയിലും ഇത് തുടരും. ബോംബ് ശേഖരം കണ്ടെത്താൻ 10 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാർ പറഞ്ഞു
ചോറ്റുപാത്രങ്ങളിലും ഐസ്‌ക്രീം ബോളുകളിലുംവരെ വെടിമരുന്ന് കുത്തിനിറച്ച് പൊട്ടിക്കുന്നുണ്ട് കണ്ണൂരിൽ. ആൾത്താമസമില്ലാത്ത വീടുകൾ, പറമ്പുകൾ, ക്വാറികൾ, വീടിന്റെ അടുക്കള, അഴുക്കുവെള്ള സംഭരണി, മരപ്പൊത്ത് എന്നിവിടങ്ങളിൽ നിന്നെല്ലാം ബോംബുകൾ കണ്ടെടുത്തിട്ടുണ്ടെന്ന് ബോംബ് സ്‌ക്വാഡ് അംഗങ്ങൾ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.