താനൂർ: താനൂരിലെ ഒഴൂർ, പൊന്മുണ്ടം, ചെറിയമുണ്ടം, താനാളൂർ തുടങ്ങിയ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിൽ കുറുക്കൻ്റെ ശല്യം രൂക്ഷമാകുന്നു.
ദിവസങ്ങൾക്ക് മുമ്പ് ഒഴൂരിൽ രണ്ട് പേർ കുറുക്കൻ്റെ കടിയേറ്റ് ചികിത്സ തേടിയിരുന്നു. കുറുക്കൻ്റെ പരാക്രമം ഒഴൂർ പഞ്ചായത്തിൽ തുടർക്കഥയായി. ഞായറാഴ്ച കടിച്ച് പരിക്കേറ്റ ഏഴ് വയസുകാരിയായ വിദ്യാർത്ഥിനിയെ കൂടാതെ ഇന്നലെ മറ്റ് രണ്ട് പേർ കൂടി കുറുക്കന്മാരുടെ ആക്രമണത്തിന് ഇരയായി. ഒഴൂർ മൂന്നാം വാർഡ് തലക്കെട്ടൂരില്‍ കള്ളിയത്ത് സഹീദിന്റെ ഭാര്യ ഫസീലയെയും(30) ഓണക്കാട് പ്രദേശത്തെ മറ്റൊരാളെയുമാണ് കുറുക്കൻ ആക്രമിച്ചത്. ഫസീലയെ തിരൂരങ്ങാടി ഗവ. ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച ഒഴൂർ കതിർകുളങ്ങര പൊടിയേങ്ങള്‍ അബ്ദുല്‍ മജീദിന്റെ മകള്‍ ഫാത്തിമ നഹ്‌ലയെ കുറുക്കൻ കടിച്ച് മാരകമായി പരിക്കേല്‍പ്പിച്ചിരുന്നു. ഫാത്തിമ നഹ്ല കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം അയ്യായ ഇല്ലത്തപ്പടി പ്രദേശത്ത് ഒരാളെ കുറുക്കൻ അക്രമിക്കാൻ ശ്രമിച്ചെങ്കിലും ആട്ടിയോടിച്ചതിനാല്‍ രക്ഷപ്പെടുകയായിരുന്നു. ഒഴൂർ പഞ്ചായത്തിലെ പല ഭാഗങ്ങളിലും തെരുവ് നായ്ക്കളുടെയും കുറുക്കന്മാരുടെയും ശല്യം രൂക്ഷമായിട്ടുണ്ട്.
ആദ്യമൊക്കെ രാത്രികാലങ്ങളിലാണ് കുറുക്കൻമാർ ഇറങ്ങി നടക്കാറെങ്കിലും ഇപ്പോള്‍ പകല്‍ സമയത്തുപോലും കൂട്ടമായി കുറുക്കന്മാർ വിഹരിക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
അതിരാവിലെ പള്ളികളില്‍ നിസ്കരിക്കാൻ പോകുന്നവർക്കും മദ്രസാ പഠനത്തിനായി പോകുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ക്കും ജോലിക്കും മറ്റും പോകുന്ന സ്ത്രീകള്‍ക്കും നായകളുടെ ശല്യത്തിന് പുറമേ കുറുക്കൻന്മാരുടെ ശല്യവും ഭയവും നേരിടേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.