ഗുണ്ടല്‍പേട്ട്: കർണാടകയിലെ ഗുണ്ടല്‍പേട്ടില്‍ സൂര്യകാന്തി പാടങ്ങള്‍ വിളവെടുപ്പിനായി ഒരുങ്ങി കഴിഞ്ഞു. കാലാവസ്ഥ ചതിച്ചില്ലെങ്കില്‍ ന്യായമായ വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
ചെടികള്‍ പൂവിട്ടു തുടങ്ങിയത് ജൂണ്‍ അവസാനത്തോടാണ്. കാലാവസ്ഥ അനുകൂലമായാല്‍ പത്തിരുപത് ദിവസം കൊണ്ട് പൂക്കള്‍ ഉണങ്ങി വിത്തെടുക്കാൻ പാകത്തിലാകും. ഗുണ്ടല്‍പേട്ടില്‍ ഇടയ്ക്കിടെ ചെയ്യുന്ന മഴ പൂക്കളുടെ ഉണക്കത്തെ ബാധിച്ചിരിക്കുകയാണ്. മഴ മാറി നിന്നാല്‍ ജൂലായ് അവസാനത്തോടെ വിളവെടുപ്പ് നടത്താമെന്ന പ്രതീക്ഷയിലാണ് കർഷകർ.
50 രൂപ മുതല്‍ 70 രൂപ വരെയാണ് സൂര്യകാന്തി വിത്തിന് ഇപ്പോഴത്തെ മാർക്കറ്റ് വില. പൂവിന്റെ വലുപ്പത്തിനനുസരിച്ച് വില മാറും. പൊതു വിപണിയില്‍ സൂര്യകാന്തി വിത്ത് എടുക്കുന്നില്ല. ചുരുക്കം ചില മില്ലുകള്‍ മാത്രമാണ് പരിപ്പാക്കിയ സൂര്യകാന്തി വിത്തുകള്‍ എടുക്കുന്നത്.
വൻകിട എണ്ണ കമ്ബനികളാണ് കർഷകരില്‍ നിന്ന് സൂര്യകാന്തി മൊത്തമായി വാങ്ങി പോകുന്നത്. മേയ് മാസത്തിലാണ് സൂര്യകാന്തി കൃഷിയിറക്കുന്നത്. എണ്ണ കമ്പനികൾ വിത്ത് കർഷകർക്ക് നല്‍കും. 5 കിലോവിന്റെ ഒരു പാക്കറ്റ് വിത്തിന് 2400 രൂപയാണ് വില.
ഒരു ഏക്കറിന് 5 കിലോ പാക്കറ്റ് വിത്ത് മതി. ഇതില്‍ നിന്ന് അഞ്ച് ക്വിന്റല്‍ വരെ എണ്ണ കുരു കിട്ടും. വിത്ത് വിതച്ച ശേഷം പറിച്ച് നടുകയാണ് ചെയ്യുന്നത്. ചെടി പൂവിടുന്ന സമയം വരെ ആവശ്യത്തിന് വെള്ളം കിട്ടിയാല്‍ വലുപ്പമുള്ള പൂക്കള്‍ കിട്ടും. എന്നാല്‍ ചെടിയില്‍ പൂക്കള്‍ വിരിഞ്ഞതിന് ശേഷം മഴ ലഭിച്ചാല്‍ തിരിച്ചടിയാകും. മഴയെ ആശ്രയിച്ച് കൃഷിയിറക്കുന്നവർക്ക് പലപ്പോഴും മഴ കിട്ടാത്തതിനാല്‍ ചെടി കരിഞ്ഞുപോയ അനുഭവം ഉണ്ടായിട്ടുണ്ട്. അടുത്ത കൃഷിക്കായി പാടങ്ങള്‍ ഒരുക്കാനും കഴിയാതെ വരും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.