വയനാട്; കേരളത്തിലെ ഉള്ളുലച്ച ദുരന്തമേഖലയിലെ തിരച്ചിൽ നാലാം ദിവസത്തിലേക്ക് കടന്നു. മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 316 ആയി.
298 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചാലിയാറിൽ നിന്ന് ഇതുവരെ 172 മൃതദേഹങ്ങൾ കണ്ടെടുത്തു.
സൈന്യം നിർമിച്ച ബെയ്‌ലി പാലം പ്രവർത്തനസജ്ജമായതോടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കും. പ്രദേശത്ത് ആരും ജീവനോടെ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയില്ലെന്നാണ് സൈന്യത്തിൻ്റെ നിഗമനമെങ്കിലും ജീവൻ്റെ തുടിപ്പിനായുള്ള തിരച്ചിൽ ഓരോ മേഖലയിലും തുടരുകയാണ്.
സൈന്യവും എൻഡിആർഎഫും സംസ്ഥാന സർക്കാരും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. കാണാതായവരിൽ 29 പേർ കുട്ടികളാണ്. 2328 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദപ്പാത്തിയുടെ സ്വാധീനം കുറഞ്ഞു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട മഴയ്ക്ക് മറ്റു ജില്ലകളിൽ ഗ്രീൻ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.