കൊടക്കാട് (കാസർകോട്) കേരളാ സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ 23-ാം സംസ്ഥാന സമ്മേളനം ചെറുവത്തൂർ കൊടക്കാട് ബാങ്ക് ഓഡിറ്റോറിയത്തിൽ തയ്യാറാക്കിയ കെ കുഞ്ഞിരാമൻ നഗറിൽ ആരംഭിച്ചു. 14 ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത 512 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമ്മേളന നഗരിയായ കെ കുഞ്ഞിരാമൻ നഗറിൽ സംസ്ഥാന പ്രസിഡൻ്റ് എൻ ആർ ബാലൻ പതാകയുയർത്തി. അഖിലേന്ത്യാ പ്രസിഡന്റ് എ വിജയരാഘവൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എം വി ബാലകൃഷ്‌ണൻ സ്വാഗതം പറഞ്ഞു.
നഗരിയിൽ ഉയർത്തിയ പതാക രാവിലെ 7.30 ന് ധീരരായ കയ്യൂർ രക്തസാക്ഷികളുടെ സ്‌മൃതിമണ്ഡപത്തിൽ നിന്നും മുൻ എംപി പി കരുണാകരൻ, ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമന് കൈമാറി. അത്ലറ്റുകൾ റിലേയായി കയ്യൂർ മുഴക്കോം ചെറുവത്തൂർ വഴി സമ്മേളന നഗരിയിൽ എത്തിച്ചു. പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഉദ്ഘാടന ചടങ്ങിന് ശേഷം സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
വൈകിട്ട് 4.30 ന് പ്രതിനിധികൾ കയ്യൂരിൽ രക്തസാക്ഷി മണ്ഡപവും അഞ്ചിന് കയ്യൂർ രക്തസാക്ഷി സ്‌മാരകവും പുഷ്പാർച്ചനയ്ക്കായി സന്ദർശിക്കും. രക്തസാക്ഷി സ്മാരക ഹാളിൽ രക്തസാക്ഷി സ്‌മൃതി സംഗമം നടക്കും. യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധികൾക്ക് സംഘാടകസമിതി, കയ്യൂർ സമര ചരിത്രം എന്ന ഗ്രന്ഥം ഉപഹാരമായി നൽകും.
ബുധനാഴ്ച പൊതുചർച്ചയും വ്യാഴാഴ്ച പുതിയ കമ്മിറ്റിയുടെയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും. മുഴുവൻ പ്രതിനിധികൾക്കും മൂന്നു ദിവസം താമസ സൗകര്യം ഒരുക്കിയിത് പ്രദേശത്തെ 260 വീടുകളിലാണ്. സമാപന ദിവസം എല്ലാ വീടുകളിലും പ്രതിനിധികൾ ഓർമ്മമരം നടും.
കെഎസ്‌കെടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ബി വെങ്കട്ട്, ജോയിന്റ് സെക്രട്ടറി വിക്രം സിങ്, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി അമൃത ലിംഗം, എ വിജയരാഘവൻ, എം വി ഗോവിന്ദൻ, ഡോ. വി ശിവദാസൻ എംപി, ബി വെങ്കിടേശ്വരലു, ആർ വെങ്കിട്ടരാമലു, ചന്ദ്രപ്പ ഹോസ്‌കേറ, എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.