കോഴിക്കോട്: കൗമാരക്കാര്‍ക്കിടയില്‍ പ്രമേഹ വ്യാപനവും ജീവിതശൈലി രോഗങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഷുഗര്‍ ബോര്‍ഡ് പ്രകാശനം ചെയ്തു. ഈറ്റ്‌റൈറ്റ് സ്‌കൂളിന്റെ ഭാഗമായി നടക്കാവ് ജി.വി.എച്ച്.എസ്.എസില്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു.
അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രമേഹം, പൊണ്ണത്തടി, ഹൃദയരോഗങ്ങള്‍, ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ എന്നിവക്ക് കാരണമാകാം. ഒരു ദിവസം പരമാവധി മൂന്ന് ടീ സ്പൂണ്‍ (15 ഗ്രാം) പഞ്ചസാര വരെയാണ് ഐ.സി.എം.ആര്‍ ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ 300 മില്ലി ലഘുപാനീയത്തിലൂടെ 30ഗ്രാം മുതല്‍ 40ഗ്രാം വരെ പഞ്ചസാര നമ്മുടെ ശരീരത്തില്‍ അധികമായി എത്തും. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ലഘുപാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ബോധവത്കരണ ബോര്‍ഡ് (ഷുഗര്‍ ബോര്‍ഡ്) സ്‌കൂളുകളില്‍ സ്ഥാപിച്ച് കുട്ടികളില്‍ പഞ്ചസാരക്കെതിരെ അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്‌കൂളുകളുമായി സഹകരിച്ച് ജില്ലയിലെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ എ.സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഗിരീഷ് കുമാര്‍, അര്‍ജുന്‍.ജി.എസ് എന്നിവര്‍ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.