തിരുവനന്തപുരം: വയനാടിൻ്റെ പുനരധിവാസം വൈകിയിട്ടും കേന്ദ്രസഹായം ഉൾപ്പെടെ അവിടെ നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് പണം ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം.
ജൂലൈ 30 മുതൽ ഓഗസ്റ്റ് 14 വരെ വിവിധ ഘട്ടങ്ങളിലായി വയനാട്ടിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനങ്ങൾക്കുമായി 13.65 കോടി രൂപയാണ് സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2006 മുതൽ ഈ വർഷം സെപ്റ്റംബർ 30 വരെ വിവിധ ഘട്ടങ്ങളിലായി നടത്തിയ രക്ഷാപ്രവർത്തനത്തിന് 132.61 കോടി രൂപയാണ് സംസ്ഥാന സർക്കാർ പ്രതിരോധ സേനയ്ക്ക് നൽകാനുള്ളത്. മുഴുവൻ തുകയും ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിന് പ്രതിരോധ മന്ത്രാലയം പണം ആവശ്യപ്പെട്ടിരുന്നു. 100 കോടിയോളം രൂപയാണ് അന്ന് സംസ്ഥാനം നൽകിയത്. മറ്റു പല സമയങ്ങളിലും നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്കുള്ള ആകെ തുകയാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.
വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ സൈന്യം നടത്തിയ രക്ഷാപ്രവർത്തനവും തിരച്ചിലും രാജ്യമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. സംസ്ഥാനം അവരെ നന്ദിയോടെ യാത്രയയച്ചു. ജൂലൈ 30, 31, ഓഗസ്റ്റ് 8, 14 തീയതികളിൽ വയനാട്ടിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ കണക്കുകൾ സൈന്യം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ ഉണ്ടായ ജൂലൈ 30ന് 8.91 കോടി രൂപയും 31ന് 4.2 കോടി രൂപയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള അധിക സഹായം സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രാലയത്തിൻ്റെ അഭ്യർത്ഥന. ദുരന്താനന്തര ആവശ്യങ്ങളുടെ അവലോകന റിപ്പോർട്ട് (പിഡിഎൻഎ) സമർപ്പിക്കാൻ കേരളം വൈകിയെന്നും പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ചില്ലെന്നുമാണ് കേന്ദ്രത്തിൻ്റെ നിലപാട്.
എന്നാൽ, ഇത് ദുരന്തമേഖലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന സാഹസവും നടപടിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. മറ്റ് ചില സംസ്ഥാനങ്ങൾക്ക് അനുവദിച്ചതിന് സമാനമായി കേരളം അധിക സഹായം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുവദിച്ചില്ലെന്നും മന്ത്രി കെ.രാജൻ ചൂണ്ടിക്കാട്ടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.