അന്യനാട്ടില്‍ കൃഷിചെയ്ത് വിളഞ്ഞ ശീതകാല പച്ചക്കറികളുടെ ഉപഭോക്തൃ സംസ്ഥാനമായിരുന്നു നാളിതുവരെ കേരളം. ഈ നിലയ്ക്ക് മാറ്റം വന്നുകൊണ്ടേയിരിക്കുന്നു.
ശീതകാല പച്ചക്കറികളില്‍ പ്രധാനിയായ കാബേജും കോളിഫ്ലവറും നമ്മുടെ നാട്ടില്‍ കൃഷിചെയ്യുന്നുണ്ട്. ഒക്ടോബർ മുതല്‍ മാർച്ച് വരെയാണ് ഇതിന്റെ സീസണ്‍.
കർഷകരെ നൊമ്ബരപ്പെടുത്തുന്ന അനുഭവങ്ങളാണ് പുതിയ പച്ചക്കറികളില്‍ കാണുന്ന വിവിധതരത്തിലുള്ള രോഗകീടബാധകള്‍. ഇവയെ നിയന്ത്രിക്കാൻ ജൈവകീടനാശിനികളോ അപകടകരമല്ലാത്ത രാസകീടനാശിനികളോ പ്രയോഗിക്കണം.
പ്രതിരോധമരുന്ന് തളി
ചില ചെടികളുടെ ചാറ് ഉപയോഗിച്ച് പലവിധത്തിലുള്ള കീടങ്ങളെയും അകറ്റിനിർത്താനാവും. കിരിയാത്ത്, വേപ്പ്, നാറ്റപ്പൂച്ചെടി, പെരുവലം എന്നിവ ഇതിന് ഉദാഹരണമാണ്. ഇവ വിവിധതരത്തിലുള്ള കഷായങ്ങള്‍ ആക്കുന്നതിനേക്കാള്‍ എളുപ്പവഴി ഉണക്കിപ്പൊടിച്ച് ആവശ്യാനുസരണം ലായനിയാക്കി തളിച്ച് കൊടുക്കുന്നതാണ്. ഇവയുടെ ഇലകള്‍ ശേഖരിച്ച് തണലില്‍ ഉണക്കിപ്പൊടിക്കണം.
മരുന്നുലായനി ആവശ്യമായിവരുമ്ബോള്‍ 400 ഗ്രാം ഇലപ്പൊടി 24 മണിക്കൂർനേരം ഒരു ലിറ്റർ വെള്ളത്തില്‍ കുതിർത്തശേഷം മസ്ലിൻ തുണിയില്‍ അരിച്ചെടുക്കുക. 400 ഗ്രാം ബാർസോപ്പ് ചീകി ഒൻപത് ലിറ്റർ വെള്ളത്തില്‍ അലിയിക്കുക. ഇത് തയ്യാറാക്കിയ ഇലച്ചാറിലേക്ക് ഒഴിച്ച് നല്ലപോലെ യോജിപ്പിച്ച് പച്ചക്കറിച്ചെടികള്‍ക്ക് ഒന്നുരണ്ടാഴ്ച കൂടുമ്ബോള്‍ സ്പ്രേ ചെയ്യാം.
കീടബാധ കണ്ടുതുടങ്ങിയാല്‍
ഇലതീനിപ്പുഴുക്കള്‍ ശൈത്യകാല വിളകളിലെ വലിയശല്യമാണ്. രാത്രിയിലാണ് ഇവയുടെ ആക്രമണം. പകല്‍ മണ്ണിലോ ഉണങ്ങിയ ഇലകളുടെ അടിയിലോ ഒളിച്ചിരിക്കും. മാലത്തിയോണ്‍ രണ്ട് മി.ലി. ഒരു ലിറ്റർ വെള്ളത്തില്‍ അല്ലെങ്കില്‍ ഫ്ളൂ ബെൻ ഡയാമെഡ് രണ്ടരഗ്രാം ഒരു ലിറ്റർ വെള്ളത്തില്‍ എന്ന തോതില്‍ ചേർത്ത് തളിച്ചുകൊടുക്കുക.
രോഗബാധയ്ക്കെതിരേ
മൃദു പൂപ്പല്‍രോഗം വളർച്ചയെത്താത്ത ചെടികള്‍ മുതല്‍ ബാധിച്ച് തുടങ്ങും. ഇലയുടെ അടിഭാഗങ്ങളില്‍ തവിട്ടുനിറത്തില്‍ കോണാകൃതിയിലുള്ള കുത്തുകള്‍ കാണപ്പെടും. ഇതോടൊപ്പം ഇലയുടെ മുകള്‍ഭാഗം മഞ്ഞകലർന്ന് കാണാം. കോളിഫ്ളവറിന്റെ പൂക്കളില്‍ കറുപ്പുനിറത്തിലോ തവിട്ടുനിറത്തിലോ ഉള്ള നിറമാറ്റമുണ്ടാകും.
പൊട്ടാസ്യം ഫോസ്ഫറേറ്റ് നാല് മി.ലി. ഒരു ലിറ്റർ വെള്ളത്തില്‍ ചേർത്ത് മണ്ണില്‍ ഒഴിച്ചുകൊടുക്കുകയും ഇലകളില്‍ തളിച്ചുകൊടുക്കുകയും ചെയ്യുക. കാബേജിന്റെയും കോളിഫ്ളവറിന്റെയും തലഭാഗങ്ങളില്‍ കറുപ്പുനിറത്തിലുള്ള മാറ്റമുണ്ടാകുകയും ക്രമേണ ഇവ അഴുകുകയും ചെയ്യും. ദുർഗന്ധവും ഉണ്ടാകും. സ്ട്രെപ്റ്റോ സൈക്ലിൻ ഒരു ഗ്രാം ആറുലിറ്റർ വെള്ളത്തില്‍ ചേർത്ത് തളിച്ച് രോഗനിയന്ത്രണംവരുത്താം.
പോഷകപ്രശ്നങ്ങള്‍
കോളിഫ്ളവറിന്റെ പൂക്കളില്‍ കറുത്തനിറം വ്യാപിക്കും. പൂവ് നെടുകെ മുറിച്ചുനോക്കിയാല്‍ തണ്ടില്‍ നിറവ്യത്യാസം കാണാനാവും. ചിലപ്പോള്‍ തണ്ടിന്റെ ഉള്‍ഭാഗം പൊള്ളയായും കാണാം. സൊലുബോള്‍ ഒന്നരഗ്രാം ഒന്നരലിറ്റർ വെള്ളത്തില്‍ എന്നതോതില്‍ കലർത്തി തളിച്ച് പ്രശ്നം പരിഹരിക്കാം. കാബേജിന്റെ ഇലകളുടെ അരികുഭാഗം കരിയുന്നത് കാത്സ്യത്തിന്റെ അഭാവംകൊണ്ടാണ്. നിലം ഒരുക്കുമ്ബോള്‍ത്തന്നെ കുമ്മായം ചേർത്താല്‍ ഈ പ്രശ്നം പരിഹരിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 94460 88605
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.