കോഴിക്കോട്: തരിശുനിലങ്ങളെ കാർഷികയോഗ്യമാക്കാനായി ജില്ലാ പഞ്ചായത്ത് ആരംഭിച്ച ‘കതിരണി’ പദ്ധതി വിജയകരമായി മുന്നോട്ട്.
2022 ല്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ കൃഷിയ്ക്ക് യോഗ്യമാക്കിയത് 200 ഹെകടറിലധികം തരിശുനിലങ്ങള്‍. 2025 ആരംഭിച്ച് ഒരാഴ്ച പൂർത്തിയാകുമ്ബോഴേക്കും ജില്ലയില്‍ പദ്ധതിയുടെ കീഴില്‍ രജിസ്ട്രർ ചെയ്തത് രണ്ട് പഞ്ചായത്തുകളാണ്. വേളം, നൊച്ചാട് പഞ്ചായത്തുകളില്‍ 20 ഹെക്ടർ തരിശുനിലമാണ് നെല്‍കൃഷിക്കായി ഒരുക്കുന്നത്. ഇതിനായി മൂന്നുലക്ഷം രൂപയാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരിയോടെ ഇവിടങ്ങളില്‍ നെല്‍കൃഷി ആരംഭിക്കും.
നെല്‍വയലുകളില്‍ കാർഷികസമൃദ്ധി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ 2022 ലാണ് ജില്ലാ പഞ്ചായത്ത് ‘കതിരണി’ പദ്ധതി ആരംഭിച്ചത്. ജില്ലയിലെ 200 ഹെക്ടർ തരിശുപാടങ്ങളെ കാർഷിക യോഗ്യമാക്കുക എന്നതായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്. ഇക്കഴിഞ്ഞ രണ്ട് വർഷങ്ങളിലായി തിക്കോടി, തുറയൂർ, അത്തോളി , ഉള്ള്യേരി, ചങ്ങരോത്ത്, മണിയൂർ, മേപ്പയ്യൂർ തുടങ്ങിയ പഞ്ചായത്തുകളിലെ തരിശുഭൂമിയില്‍ കൃഷിയിറക്കി ഈ ലക്ഷ്യം നിറവേറ്റിക്കഴിഞ്ഞതായി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ വി.പി ജമീല പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനവും, ജലക്ഷാമവുമെല്ലാം വെല്ലുവിളികളാണെങ്കിലും പദ്ധതിക്ക് ജനങ്ങളെ വീണ്ടും കൃഷിയിലേക്ക് ആകർഷിക്കാൻ സാധിച്ചു എന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതർ പറയുന്നത്.
2022 ലെ കണക്ക് പ്രകാരം ജില്ലയില്‍ 1833 ഹെക്ടർ വയലാണ് കൃഷിയോഗ്യമായിട്ടുള്ളത്. ഇതില്‍ തരിശായി കിടക്കുന്ന വയലുകള്‍ കണ്ടെത്തി ഇവിടെ കാട് വെട്ടി വൃത്തിയാക്കല്‍, നിലം തയ്യാറാക്കല്‍, എന്നീ ജോലികള്‍ പഞ്ചായത്തുകളും അതത് കൃഷി ഭവനുകളും ചേർന്ന് പൂർത്തിയാക്കണം. ഇതിന് ശേഷമാണ് കൃഷിക്കായുള്ള ധനസഹായം അനുവദിക്കുക. കൃഷിയിറക്കാനായി മൊത്തം ചെലവാകുന്ന തുകയുടെ 50 ശതമാനം ജില്ലാ പഞ്ചായത്തും, 10 ശതമാനം ബ്ലോക്ക് പഞ്ചായത്തും, 40 ശതമാനം അതത് ഗ്രാമ പഞ്ചായത്തുകളുമാണ് കണ്ടെത്തേണ്ടത്. കൃഷി വകുപ്പ്, കേരള സർക്കാർ യന്ത്രവത്ക്കരണ മിഷന്റെ ഭാഗമായുള്ള മലബാർ ടാസ്‌ക് ഫോഴ്‌സ്, തൊഴിലുറപ്പ് പദ്ധതി, ഹരിത കേരള മിഷൻ എന്നിവയുമായി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായുള്ള തരിശായ വയലുകള്‍ കണ്ടെത്തി ഘട്ടം ഘട്ടമായി ഇവിടെ കൃഷിയിറക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയത്. കാർഷിക മേഖലയില്‍ സ്വയം പര്യാപ്തത കെെവരിക്കുക എന്നതാണ് ലക്ഷ്യം.
-ടി.ഡി മീന
ഡെപ്യൂട്ടി ഡയറക്ടർ,
ജലവിനിയോഗം, കോഴിക്കോട്
കാർഷിക വകുപ്പിൻറെയും, ജില്ലാ പഞ്ചായത്തിൻ്റെയും പദ്ധതികളില്‍ ഉള്‍പ്പെടുത്തി 40 ലക്ഷത്തോളം രൂപയാണ് ഈ വർഷം പദ്ധതിക്കായി അനുവദിച്ചത്. എങ്കിലും ഫണ്ടിൻ്റെ അപര്യാപ്തത പദ്ധതിയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. കൂടുതല്‍ ഫണ്ട് സമാഹരിച്ച് പദ്ധതിയുമായി മുന്നോട്ട് പോകും.
- വി.പി ജമീല
ചെയർപേഴ്സണ്‍
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.