കോടഞ്ചേരി: സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഒമാനിൽ നിന്ന് എത്തിയ തൃശൂർ സ്വദേശി കിണറ്റിൽ വീണ് മരിച്ചു. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി ഷംജീർ (36) ആണ് മരിച്ചത്. ഞായർ രാത്രി 10.30ഓടെയാണ് സംഭവം. കോടഞ്ചേരി മൈകാവ് ആനിക്കാട്ട് കർത്താനികാട്ട് ജെക്കബിൻ്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഷംജീർ.
ഒമാനിൽ നിന്ന് നേരിട്ട് കല്യാണ വീട്ടിലെത്തിയതായിരുന്നു. കല്യാണ വീട്ടിലേക്ക് വാഹനം പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കിയ സ്ഥലത്തിന് സമീപത്തെ ആൾമറയില്ലാത്ത കിണറിന് സമീപം സുഹൃത്തുക്കളോട് സംസാരിച്ച് നിൽക്കുന്നതിനിടെ കിണറ്റിൽ വീഴുകയായിരുന്നു.
മുക്കത്ത് നിന്നെത്തിയ അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് യുവാവിനെ പുറത്തെടുത്ത് ഉടന്‍ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മസ്കറ്റ് റൂവിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കി വരികയായിരുന്ന ഷംജീർ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. മുക്കം സ്റ്റേഷൻ ഓഫീസർ എം അബ്ദുൾ ഗഫൂർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.