മുക്കം: ഗാന്ധിജിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയെ പ്രകീർത്തിച്ച അധ്യാപിക ഷൈജ ആണ്ടവന് സ്ഥാനക്കയറ്റം നല്‍കി കാലിക്കറ്റ് എൻ.ഐ.ടി.
അധ്യാപികയായിരുന്ന ഷൈജയ്ക്ക് പ്ലാനിങ് ആൻഡ് ഡിവലപ്മെൻറ് ഡീനായി രണ്ടുവർഷത്തേക്കാണ് സ്ഥാനക്കയറ്റം നല്‍കിയത്. നിലവിലെ പ്ലാനിങ് ആൻഡ് ഡിവലപ്മെൻറ് ഡീനായിരുന്ന ഡോ. പ്രിയാചന്ദ്രന് പകരക്കാരിയായാണ് നിയമനം. തിങ്കളാഴ്ചയാണ് എൻ.ഐ.ടി. രജിസ്ട്രാർ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
2024 ജനുവരിയില്‍, ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തില്‍ ‘ഹിന്ദുമഹാസഭാ പ്രവർത്തകനായ നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ’ എന്ന കുറിപ്പോടെ അഡ്വക്കേറ്റ് കൃഷ്ണരാജ് എന്ന പ്രൊഫൈലില്‍നിന്നും പോസ്റ്റുചെയ്ത ഗോഡ്സെയുടെ ചിത്രത്തിനുതാഴെയാണ് ഷൈജ ആണ്ടവൻ കമൻറിട്ടത്. ‘ഗോഡ്സെ, ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ട്’ എന്നായിരുന്നു ഷൈജ ആണ്ടവന്റെ കമൻറ്. സംഭവം വിവാദമായതോടെ ഇവർ കമൻറ് പിൻവലിക്കുകയായിരുന്നു.
വിദ്യാർഥി-യുവജന സംഘടനകളുടെ വൻപ്രതിഷേധത്തെത്തുടർന്ന് കുന്ദമംഗലം പോലീസ് കേസെടുത്ത് അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.