കോഴിക്കോട്: വേനല്‍ ചൂടില്‍ ജില്ലയിലും കുടിവെളള ക്ഷാമം രൂക്ഷമാകുന്നു. മലയോരത്തും ജില്ലയിലെ മറ്റു പ്രദേശങ്ങളിലും കിണറുകളും തോടുകളും വറ്റി കഴിഞ്ഞു.
നഗര പ്രദേശങ്ങളിലെ പല വാര്‍ഡുകളും കോര്‍പറേഷന്‍ കുടിവെള്ളത്തിനെ മാത്രം ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. ഇരുവഴിഞ്ഞിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍ തുടങ്ങി ജില്ലയിലെ പ്രധാന പുഴകളിലെ ജലനിരപ്പ് ദിനംപ്രതി കുറയുകയാണ്. നഗരത്തിന്റെ ദാഹമകറ്റുന്ന മാനാഞ്ചിറയിലെ ജലനിരപ്പും കുറഞ്ഞുവരികയാണ്.
നഗരത്തില്‍ ചെലവൂര്‍, മൂഴിക്കല്‍, കോട്ടൂളി, കൊമ്മേരി എന്നിവിടങ്ങളിലെല്ലാം കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. മറ്റ് പലയിടത്തും ഗ്രാമീണ റോഡുകളില്‍ പൈപ്പിടല്‍ പൂര്‍ത്തിയായെങ്കിലും മെയിന്‍ റോഡുകളില്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നതേയുള്ളൂ.
ഉയര്‍ന്ന പ്രദേശങ്ങളിലേക്കുള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന ജോലികളും നടക്കുകയാണ്. അതേസമയം, ബൈപ്പാസ് നിര്‍മ്മാണം കുടിവെള്ള വിതരണത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വെങ്ങളം രാമനാട്ടുകര ബൈപ്പാസിന്‍റെ നിര്‍മാണ പ്രവര്‍ത്തികള്‍ വലിയ തോതില്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ട്. പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്ന ജോലികള്‍ക്കിടെ പൈപ്പുകളില്‍ ചെളി നിറഞ്ഞ് കുടിവെള്ളമെത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.
കഴിഞ്ഞയാഴ്ച ഇത്തരത്തില്‍ ചെളി നിറഞ്ഞതിനെത്തുടര്‍ന്ന് ചെളി നീക്കം ചെയ്യാനായി പാറോപ്പടിയില്‍ ഈയിടെ നവീകരിച്ച ഗിരിനഗര്‍ റോഡിന്‍റെ ഭാഗങ്ങള്‍ പൊളിച്ചിരുന്നു. അതേസമയം, അമൃത് പദ്ധതിയിലുള്‍പ്പെടുത്തി കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന സമഗ്രകുടിവെള്ള പദ്ധതിയിലൂടെ 26,000 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ട്. പദ്ധതിയില്‍ ഇതുവരെ 27,500 കുടുംബങ്ങളാണ് അപേക്ഷിച്ചത്.
ഏകദേശം 200 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചാണ് ഇത്രയും കണക്ഷനുകള്‍ നല്‍കിയത്. അമൃത് പദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തി പഴയ പൈപ്പ് ലൈനുകള്‍ മാറ്റി പലയിടത്തും പുതിയ ലൈനും സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ പൈപ്പ് ലൈന്‍ പൊട്ടിയുള്ള ജലനഷ്ടം കുറയ്ക്കാമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.
വിവിധ വാര്‍ഡുകളില്‍ നിലവിലുള്ള കുടിവെള്ള പദ്ധതികളുടെ മെയിന്‍റനന്‍സ് വര്‍ക്കുകളും പൂര്‍ത്തിയാക്കുകയാണ്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി ജല്‍ ജീവന്‍ പദ്ധതിയുടെ പൈപ്പ് ലൈന്‍ പ്രവര്‍ത്തികളും പുരോഗമിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.