പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ 1,15 വാർഡുകളില്‍പെട്ട കൂവപ്പൊയില്‍ മേഖലയില്‍ കാട്ടുപോത്തുകള്‍ കൂട്ടത്തോടെ ഇറങ്ങിയത് നാട്ടുകാരില്‍ ഭീതി പരത്തി.
കഴിഞ്ഞ ദിവസം പുലർച്ചെ റബർ തോട്ടങ്ങളില്‍ ടാപ്പിംഗിനെത്തിയവർ കാട്ടുപോത്തുകളെ കാണുകയുണ്ടായി.
പെരുവണ്ണാമൂഴി വനപാലകരെ വിവരമറിയിച്ചെങ്കിലും ഇവർ വരാൻ വൈകിയെന്നു നാട്ടുകാർ പറയുന്നു. കൃഷിയിടങ്ങളില്‍ എത്തിയത് കാട്ടുപോത്തുകള്‍ തന്നെയാണെന്നു കാല്‍പ്പാടുകള്‍ പരിശോധിച്ച് വനപാലകർ സ്ഥിരീകരിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു.
പെരുവണ്ണാമൂഴി വനത്തില്‍ നിന്നാണ് കുറ്റ്യാടിപ്പുഴ നീന്തിക്കയറി പൊതുനിരത്തുകളും ആള്‍താമസ പ്രദേശങ്ങളും താണ്ടി കാട്ടുപോത്തുകള്‍ ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന കൂവപ്പൊയിലില്‍ എത്തിയിരിക്കുന്നത്.
തിരിച്ചു പോകാതെ ഈ ഭാഗത്തെ കാടുപിടിച്ചു കിടക്കുന്ന ചില സ്വകാര്യ സ്ഥലങ്ങളില്‍ കാട്ടുപോത്തുകള്‍ തമ്ബടിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മതിയായ തെരുവ് വിളക്കുകളൊന്നും പ്രദേശത്തെ നിരത്തുകളില്‍ ഇല്ലാത്തത് സഞ്ചാര ഭീഷണി ഉയർത്തിയിട്ടുണ്ട്.
വനാതിർത്തിയില്‍ വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാനുള്ള സംവിധാനങ്ങളൊന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. പുതിയ സൗര തൂക്കുവേലിയുടെ നിർമാണ ഉദ്ഘാടനം കഴിഞ്ഞ ഡിസംബറില്‍ മന്ത്രി നിർവഹിച്ചെങ്കിലും പ്രവൃത്തി ഇതുവരെ ആരംഭിച്ചിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.