കോഴിക്കോട്: നഗരത്തിന്റെ വ്യാപാര സിരാകേന്ദ്രമായ വലിയങ്ങാടി സെൻട്രല്‍ മാർക്കറ്റ് ഇനി സൂപ്പറാകും. അത്യാധുനിക സൗകര്യങ്ങളോടെ മാർക്കറ്റ് പുതുക്കിപ്പണിയല്‍ അടുത്ത മാസം തുടങ്ങും. വലിയങ്ങാടിയുടെ പൈതൃകം നിലനിർത്തിയാണ് കോർപ്പറേഷന്റെ സഹായത്തോടെ ഫിഷറീസ് വകുപ്പ് നിർമാണം നടത്തുക. 55.17 കോടി രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നവീകരണം. കച്ചവടക്കാർക്കുള്ള ബദല്‍ സംവിധാനമെന്ന നിലയില്‍ മാർക്കറ്റിന് വടക്ക് ഭാഗത്തെ 50 സെന്റ് സ്ഥലത്തേക്ക് കടകള്‍ മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. പഴയ മാർക്കറ്റിന്റെ നിലം കോണ്‍ക്രീറ്റ് ചെയ്യുന്നതും ഓവുചാല്‍ നിർമാണവുമാണിപ്പോള്‍ നടക്കുന്നത്. മാർക്കറ്റ് നിർമ്മാണത്തിന്റെ ഭാഗമായി വ്യാപാരികളെ ഇടുങ്ങിയ സ്ഥലത്തേക്ക് മാറ്റുന്നതോടെ കച്ചവടം കുറയുമോ എന്ന ആശങ്ക വ്യാപാരികള്‍ക്കുണ്ട്. നിലവില്‍ രണ്ടായിരത്തിലധികം കച്ചവടക്കാർ ഇസെൻട്രല്‍ മാർക്കറ്റിലുണ്ട്.
ഷോപ്പിംഗ് മാളിന്റെ മാതൃകയില്‍ മൂന്ന് നില കെട്ടിടമാണ് ഒരുങ്ങുക. 16,000 സ്‌ക്വയർ ഫീറ്റിലാണ് മാർക്കറ്റ് കെട്ടിടമുള്ളത്. പുതിയ കെട്ടിടത്തിന് 43,000 സ്‌ക്വയർ ഫീറ്റുണ്ടാകും. താഴത്തെ നിലയില്‍ മത്സ്യലേലത്തിനുള്ള സൗകര്യമാണ് ഒരുക്കുക. മത്സ്യവുമായി വരുന്ന ട്രക്കുകള്‍ നിർത്താനുള്ള സ്ഥലവും ഐസ് പൊട്ടിച്ചിടാനുള്ള സ്ഥലം എന്നിവ ക്രമീകരിക്കും. ഒരുഭാഗത്ത് ചെറുകിട കച്ചവടത്തിനുള്ള ഇടവുമുണ്ടാകും. ഒന്നാം നിലയില്‍ മത്സ്യം ഫ്രീസറില്‍ സൂക്ഷിക്കാനുള്ള സൗകര്യവും ഉണക്ക മീനിനായി പ്രത്യേക മുറിയുണ്ടാകും. തൊഴിലാളികള്‍ക്ക് ഡോർമിറ്ററി സൗകര്യവും 156 പേർക്ക് ഇരിക്കാവുന്ന മിനി ഓഡിറ്റോറിയവും ഒന്നാം നിലയിലുണ്ടാകും. കെട്ടിടത്തിന്റെ തറനില പൂർണമായും പാർക്കിംഗിന് മാറ്റിവയ്ക്കും. മീൻമണം അറിയാത്ത രീതിയിലായിരിക്കും നിർമാണം. മൊത്തക്കച്ചവടത്തിന് പുറമേ പലതരത്തിലുള്ള ചെറുകിട കച്ചവടവും മാർക്കറ്റിലുണ്ടാകും. രണ്ടാംനിലയില്‍ ‘റിക്രിയേഷൻ ഏരിയയാണ്. മത്സ്യ വിഭവങ്ങള്‍ പ്രത്യേകമായുണ്ടാക്കുന്ന റസ്റ്റോറന്റും ഫുഡ് കോർട്ടും ഇവിടെയുണ്ടാകും. മാർക്കറ്റിലെത്തുന്നവർക്ക് വിശ്രമിക്കാനുള്ള ഇടങ്ങളുമുണ്ടാകും. ആധുനിക മാലിന്യ സംസ്‌കരണ് പ്ലാന്റുകളും മാർക്കിനുള്ളില്‍ സജ്ജമാക്കും. നിലവിലുള്ള കച്ചവടക്കാർക്കെല്ലാം ഇവിടെ കച്ചവടത്തിന് സൗകര്യമുണ്ടാകും.
‘ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. വ്യാപാരികളെ മാറ്റി കഴിഞ്ഞാല്‍ ഉടൻ മാർക്കറ്റിന്റെ നിർമ്മാണം ആരംഭിക്കും”-പി.സി രാജൻ-പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.