വിലയില്‍ കുതിച്ച് കുരുമുളക്. വയനാട്ടില്‍ കർഷകരില്‍ നിന്ന് സാധാ കുരുമുളക് കിലോയ്ക്ക് 700 രൂപയ്ക്കും വയനാടൻ കുരുമുളക് 710 രൂപയ്ക്കുമാണ് ഇപ്പോള്‍ ശേഖരിക്കുന്നത്.
എന്നാല്‍ കൊച്ചിയില്‍ ഇതില്‍ നിന്ന് പത്തുരൂപ വരെ വില കൂടും. ചില്ലറ വിപണിയിലും വില മെച്ചപ്പെട്ടു. ഗുണമേന്മയേറിയ ഏറ്റവും വിലയുള്ള വയനാടൻ ഗോള്‍ഡ് കുരുമുളകിന് ചില്ലറ വിപണിയില്‍ കിലോയ്ക്ക് 850 രൂപ വരെ വിലയുള്ളതായാണ് വിവരം. 720 മുതലാണ് ചില്ലറ വിപണിയില്‍ കുരുമുളകിന്റെ വില.
അന്താരാഷ്ട്ര വിപണിയില്‍ പ്രധാന കുരുമുളക് ഉത്പാദക രാജ്യങ്ങളില്‍ നിന്നുള്ള ഉത്പാദനം കുറഞ്ഞതാണ് കുരുമുളകിന് മെച്ചപ്പെട്ട വില ലഭിക്കാൻ കാരണം. ഏറെക്കാലം കിലോയ്ക്ക് 600-650 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന് വിലയില്‍ കുതിപ്പു തുടങ്ങിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂ. കുരുമുളകിന് കർണാടകയില്‍ 850 രൂപ വരെ കിലോയ്ക്ക് ലഭിക്കുന്നുണ്ട്. ശ്രീലങ്ക, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുരുമുളക് ഇറക്കുമതി കുറഞ്ഞതാണ് ആഭ്യന്തര കർഷകരെ തുണച്ചത്. എന്നാല്‍ വയനാട്ടില്‍ ഉള്‍പ്പെടെ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള ഉത്പാദനക്കുറവ് കർഷകർ നേരിടുന്നുണ്ട്. ഇതിനിടയിലും വിപണിയില്‍ കുരുമുളക് എത്തിക്കാനായ കർഷകർക്ക് മികച്ച വിലയും ലഭിച്ചു.
വയനാടിന് സമാനമായ വില തന്നെയാണ് വയനാടുമായി അതിർത്തി പങ്കിടുന്ന കർണാടക, തമിഴ്‌നാട് ഗ്രാമങ്ങളിലെ കർഷകർക്കും ലഭിക്കുന്നത്. ഇവർക്കും ചെറിയ ഏറ്റക്കുറച്ചിലുകളോടെ ഇക്കുറി നല്ല വില ലഭിച്ചു. ഉത്തരേന്ത്യൻ വിപണികളാണ് രാജ്യത്ത് കുരുമുളക് വിലയെ നിയന്ത്രിക്കുന്നത്. ഇവർ എത്രത്തോളം ആഭ്യന്തര വിപണിയെ ആശ്രയിക്കുമെന്നത് പ്രധാനമാണ്. ശ്രീലങ്കയില്‍ മേയ് മാസത്തോടെ കുരുമുളക് വിളവെടുപ്പ് തുടങ്ങും. അത് ഇന്ത്യൻ വിപണിയിലേക്ക് എത്തിയാല്‍ വില കുറയും. എന്നാല്‍, അവയ്ക്ക് ഗുണമേന്മ കുറവായതിനാല്‍ ആഭ്യന്തര ഉത്പാദനത്തില്‍ തന്നെയാണ് ഉത്തേരേന്ത്യൻ വ്യാപാരികളും താത്പര്യപ്പെടുന്നത് എന്നാണ് സൂചന. അതിനാല്‍ മികച്ച വിലയില്‍ തന്നെ പിടിച്ചുനില്‍ക്കാനാകുമെന്നാണ് വ്യാപാരികളും കർഷകരും പ്രതീക്ഷിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.