ഡൽഹി: കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര മന്ത്രിമാര്‍. കര്‍ഷകരുമായി കേന്ദ്ര മന്ത്രിമാര്‍ ചര്‍ച്ച തുടങ്ങി. കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി നരേന്ദ്ര സിംഗ് തോമറും കേന്ദ്ര റെയിൽവേ, വാണിജ്യം & വ്യവസായം, ഉപഭോക്തൃ കാര്യങ്ങളും ഭക്ഷ്യ, പൊതുവിതരണ മന്ത്രി പീയൂഷ് ഗോയലും കർഷക നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച വിജ്ഞാന ഭവനിൽ നടക്കുന്നു.
വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകരെ ഓരോ സമയം നല്‍കിയാണ് കാണുന്നത്. പഞ്ചാബില്‍നിന്നുള്ള സംഘത്തെയാണ് ഇപ്പോള്‍ കാണുന്നത്. ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹരിയാന, യുപി സംസ്ഥാനങ്ങളിലെ കര്‍ഷക പ്രതിനിധികളെ രാത്രി ഏഴുമണിക്കു കാണുമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ഗാസിപുര്‍ – ഗാസിയാബാദ് അതിര്‍ത്തിയില്‍ വച്ച് ബികെയു പ്രസിഡന്റ് നരേഷ് ടികൈത് അറിയിച്ചു.
അതേസമയം, വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകില്ലെന്ന സൂചനകളാണു ലഭിക്കുന്നത്. വിളകളുടെ താങ്ങുവില തുടരുമെന്ന ഉറപ്പ് കര്‍ഷക സംഘടനകള്‍ക്കു നല്‍കും. കര്‍ഷക വിഷയത്തില്‍ ബിജെപി പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ വസതിയില്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നരേന്ദ്ര സിങ് തോമര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണു തീരുമാനം. കര്‍ഷകര്‍ ഈ ഉപാധികള്‍ അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. രേഖാമൂലമുള്ള ഉറപ്പിനെക്കാള്‍ നിയമനിര്‍മാണം ആവശ്യമെങ്കില്‍ അതിനും കേന്ദ്രം തയാറാകുമെന്നാണു സൂചന.
കര്‍ഷകര്‍ക്കു വരുമാനം വര്‍ധിപ്പിക്കാനുള്ള വ്യവസ്ഥകളാണു നിയമങ്ങളിലുള്ളതെന്നും ഇപ്പോള്‍ പ്രക്ഷോഭം നടത്തുന്നവര്‍ക്കും അതിന്റെ ഗുണം ലഭിക്കുമെന്നുമുള്ള നിലപാട് തന്നെയാകും ചര്‍ച്ചയിലും കേന്ദ്രം ആവര്‍ത്തിക്കുക. തെറ്റിദ്ധാരണകളുടെ പുറത്താണ് കര്‍ഷകര്‍ കേന്ദ്രത്തിനെതിരെ നീങ്ങുന്നതെന്ന വിമര്‍ശനമാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവച്ചത്. രാജ്യത്തെവിടെയും ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ അനുമതി നല്‍കുന്ന ബില്‍ കര്‍ഷകര്‍ക്കു ഗുണകരമാണെന്ന നിലപാടില്‍ തന്നെ കേന്ദ്രം ഉറച്ചു നില്‍ക്കുന്നതിനാല്‍ കര്‍ഷകര്‍ വഴങ്ങാന്‍ സാധ്യതയില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









