തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുന്ന പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ പ്രതിസന്ധിയിലായ സ്വകാര്യ ബസ് ഉടമകള്‍ മുന്നറിയിപ്പുമായി രംഗത്ത് എത്തി.
പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടി ഉണ്ടായില്ലെങ്കില്‍ വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് ഉടമകള്‍ അറിയിച്ചു.
ടൂറിസ്റ്റ് ബസ്, ടാക്സി, ഓട്ടോ എന്നിവരെ അണിനിരത്തിയാകും ബന്ദ് നടത്തുക. ഇത് സംബന്ധിച്ച് ആറിന് യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്നും സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കി. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വന്നതിന് ശേഷം സ്വകാര്യ ബസുകള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒഴിഞ്ഞ ബസുമായി സർവീസ് പൂർത്തിയാക്കേണ്ട സ്ഥിതിയാണ് ഉള്ളതെന്ന് ജീവനക്കാർ പരാതി ഉന്നയിച്ചിരുന്നു.
ഡീസല്‍ ചെലവിനും തൊഴിലാളികളുടെ വേതനത്തിന് പോലും പണം കണ്ടെത്താനാവാത്തത്രയും മോശം അവസ്ഥയിലാണ് ഉള്ളതെന്നും ഉടമകള്‍ പറഞ്ഞിരുന്നു. സർവീസുകള്‍ ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ജൂലൈ 20 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
വരുമാനത്തില്‍ ഉണ്ടായ കനത്ത ഇടിവിനെ തുടർന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലാണ്. പാലക്കാട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ബസ് തൊഴിലാളികളുടെ ദിവസവേതനം ഉടമകള്‍ ഗണ്യമായി കുറച്ചു. വേതനത്തിന്റെ പകുതി മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. വയനാട് ജില്ലയില്‍ സ്വകാര്യ ബസുകള്‍ ജൂലൈ 1 മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്നു അറിയിച്ചിട്ടുണ്ട്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









