തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ഇനി മുതൽ പ്രധാനമായും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയാകും. പെൻഷൻ വിതരണത്തിൽ സഹകരണ സംഘങ്ങളെയും കളക്ഷൻ ഏജന്റുമാരെയും ഒഴിവാക്കിക്കൊണ്ടാണ് സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കിയത്.
ഇനി മുതൽ കിടപ്പുരോഗികൾക്കും ബാങ്കിൽ നേരിട്ട് എത്തി തുക കൈപ്പറ്റാൻ കഴിയാത്ത ഗുരുതര ബുദ്ധിമുട്ടുകൾ നേരിടുന്ന ഗുണഭോക്താക്കൾക്കും മാത്രമായിരിക്കും വീടുകളിൽ നേരിട്ട് പെൻഷൻ വിതരണം അനുവദിക്കുക.പെൻഷൻ മാസ്റ്ററിംഗ് ഉൾപ്പെടെയുള്ള രേഖകൾ പല സഹകരണ സംഘങ്ങളും കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും, പെൻഷൻ വിതരണത്തിനായി സഹകരണ സംഘങ്ങൾക്ക് നൽകിവന്നിരുന്ന ഇൻസെന്റീവ് തുക അനാവശ്യ സാമ്പത്തിക ബാധ്യതയാണെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷമാണ് സർക്കാർ ഈ തീരുമാനമെടുത്തത്.
മുൻ സർക്കാർ കാലത്ത് സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റുമാർ ഗുണഭോക്താക്കളുടെ വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്തിരുന്ന സംവിധാനം നിലവിലുണ്ടായിരുന്നു. പുതിയ ഉത്തരവോടെ ആ രീതിക്ക് മാറ്റമുണ്ടാകുകയും, ഭൂരിഭാഗം ഗുണഭോക്താക്കൾക്കും ഇനി മുതൽ ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടാണ് പെൻഷൻ ലഭ്യമാകുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









