കോഴിക്കോട്: കാലത്തിന്റെ തിരക്കുകൾക്കിടയിലും എഴുത്തിനെ ജീവിതത്തിന്റെ ഭാഗമായി കാത്തുസൂക്ഷിച്ച ഒരു സാധാരണ മനുഷ്യന്റെ അസാധാരണ സൃഷ്ടികൾ ഇനി പുസ്തകരൂപത്തിൽ വായനക്കാരിലേക്ക് എത്തുന്നു. മാവൂർ സൗത്ത് അരയങ്കോട് സ്വദേശിയായ രവി രവീന്ദ്രൻഅരയങ്കോടിൻ്റെ കവിതകളാണ് ഏഷ്യൻഗ്രാഫ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്നത്.
മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് ബി.എ. ഇക്കണോമിക്സ് ബിരുദം നേടിയ രവി ഉപജീവനത്തിനായി പെയിൻ്റിംഗ് ജോലി ചെയ്യുമ്പോഴും സാഹിത്യത്തെ കൈവിടാതെ മുന്നേറുകയാണ്. 1995 മുതൽ ആകാശവാണി കോഴിക്കോട് കേന്ദ്രത്തിനായി ലളിതഗാനങ്ങൾ രചിച്ച അദ്ദേഹം, കഴിഞ്ഞ ഓണക്കാലം വരെയും തന്റെ ഗാനങ്ങളിലൂടെ ശ്രോതാക്കളുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു.
ഇതിനകം 500-ലധികം ലളിതഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അവയിൽ ഏകദേശം 200 ഗാനങ്ങൾ ആകാശവാണി കോഴിക്കോട് പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ, കഴിഞ്ഞ ഇരുപത് വർഷത്തിനിടെ എഴുതിയ നൂറുകണക്കിന് കവിതകൾ ഇന്നും പുസ്തകമായി പ്രസിദ്ധീകരിക്കപ്പെടാതെ സൂക്ഷിച്ചിരിക്കുകയാണ്.
കാലിക പ്രസക്തിയും മനുഷ്യജീവിതത്തിന്റെ സ്പന്ദനങ്ങളും നിറഞ്ഞ അദ്ദേഹത്തിന്റെ മികച്ച കവിതകൾ തെരഞ്ഞെടുത്താണ് ഏഷ്യൻഗ്രാഫ് പബ്ലിഷേഴ്സ് സ്വന്തം ഉത്തരവാദിത്തത്തിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഒരു എഴുത്തുകാരന്റെ സ്വപ്നത്തിന് കരുത്തേകുന്ന ഈ സംരംഭം മലയാള സാഹിത്യലോകത്തിന് ശ്രദ്ധേയമായൊരു സംഭാവനയാകുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ കവിതാസമാഹാരത്തെ വായനക്കാരും സാഹിത്യസ്നേഹികളും സാംസ്കാരിക പ്രവർത്തകരും ഹൃദയപൂർവം സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ഏഷ്യൻഗ്രാഫ് പബ്ലിഷേഴ്സ് അഭ്യർഥികുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







