മലപ്പുറം: അർജന്റീന ഫുട്ബാള്‍ ടീമിനെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തില്‍ കോടികളുടെ തട്ടിപ്പ് നടന്നെന്ന ആരോപണത്തില്‍ പ്രതികരിച്ച് മുൻ കായിക മന്ത്രി വി അബ്ദുറഹിമാൻകേരളത്തില്‍ മത്സരം സംഘടിപ്പിക്കാൻ ശ്രമിച്ചത് സർക്കാർ തലത്തിലുള്ള എല്ലാനടപടിക്രമങ്ങളും പാലിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ സംസ്ഥാന സർക്കാരിന് ചില്ലിക്കാശ് പോലും നഷ്ടമായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താക്കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
അർജന്റീന ടീമിന്റെ സന്ദർശനത്തിന് കഴിഞ്ഞ എല്‍ഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന വാർത്തകള്‍ വാസ്തവ വിരുദ്ധമാണ്. കലൂരിലെ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയം നവീകരിക്കുന്നതിന് പകരമായി സ്പോണ്‍സർക്ക് സ്റ്റേഡിയത്തിന്മേല്‍ അവകാശം അനുവദിച്ചുവെന്ന പ്രചാരണം അങ്ങേയറ്റം ദുരുദ്ദേശപരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മത്സരം നടത്താൻ കരാർ അർജന്റീന ഫുട്ബാള്‍ അസോസിയേഷനും സ്‌പോണ്‍സറും തമ്മിലാണ് കരാറൊപ്പിട്ടത്. ഈ കരാറുമായി ബന്ധപ്പെട്ട് സർക്കാരിന് ഒരു ബാധ്യതയും ഉണ്ടായിട്ടില്ലെന്നും വി അബ്ദുറഹിമാൻ കൂട്ടിച്ചേർത്തു.
കേന്ദ്ര കായിക, ധന മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയാണ് അർജന്റീന ടീമിനെ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയത്. സ്‌പോണ്‍സർമാർ പണമടയ്ക്കുന്നതിന് റിസർവ് ബാങ്കിന്റെ അനുമതിയുമുണ്ടായിരുന്നു. പൊതുമേഖലാ ബാങ്ക് വഴിയാണ് സ്‌പോണ്‍സർ എഎഫ്‌എയ്ക്ക് പണമടച്ചത്. കായിക വകുപ്പ് സെക്രട്ടറിയുടെ അപേക്ഷ പ്രകാരം മാത്രമേ കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങള്‍ ഇത്തരം അനുമതികള്‍ നല്‍കൂ. അതിനാല്‍ കായികവകുപ്പ് ഒന്നും അറിഞ്ഞിരുന്നില്ലെന്ന പ്രചാരണം പച്ചക്കള്ളമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അധികാരത്തിലേറി മൂന്ന് മാസത്തിനകം തന്നെ കാലവർഷക്കെടുതി അടക്കമുള്ള വിഷയങ്ങള്‍ നേരിടുന്നതില്‍ പരാജയപ്പെടുകയും സംഘപരിവാറിന്റെ അജണ്ടകള്‍ നടപ്പാക്കാൻ പരവതാനി വിരിച്ചു കൊടുക്കുന്നത് ജനങ്ങള്‍ക്ക് ബോധ്യമാവുകയും ചെയ്‌തതിന്റെ നാണക്കേട് മറയ്‌ക്കാനാണ് കഴിഞ്ഞ സർക്കാരിനെതിരെ വസ്‌തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉയർത്തുന്നതെന്നും മുൻമന്ത്രി വിമർശിച്ചു. മെസിയുമായി ബന്ധപ്പെട്ട വിഷയം കൂടുതല്‍ ജനശ്രദ്ധ നേടുമെന്നതിനാലാണ് അത് തെരഞ്ഞെടുത്തത്. നേരത്തേ ഉയർത്തിയ ഇൗ ആരോപണങ്ങള്‍ക്കെല്ലാം അന്ന് തന്നെ മറുപടി നല്‍കിയതാണ്. ഇടതുപക്ഷത്തിനെതിരായ കൃത്യമായ അജണ്ടയോടെ തയ്യാറാക്കുന്ന ഇൗ ദുരാരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







