തൃശൂർ: ഡിവൈഎഫ്ഐയുടെ ചരിത്രത്തില്‍ ആദ്യമായൊരു ഒരു വനിതാ പ്രസിഡന്റ് സ്ഥാനമേല്ക്കുന്നു.സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെ തിരഞ്ഞെടുത്തു.
സംസ്ഥാന സെക്രട്ടറിയായി എം വിജിൻ എംഎല്‍എയെയും ട്രഷറർ ആയി അഡ്വ. ആർ രാഹുലിനെയും തിരഞ്ഞെടുത്തു. തൃശൂരില്‍ നടക്കുന്ന പതിനാറാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
കൊല്ലം സ്വദേശിയായ ചിന്ത വിമല ഹൃദയ ഹയർ സെക്കൻഡറി സ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കർമ്മല റാണി ബിഎഡ് കോളേജില്‍ നിന്നും ബിഎഡ് പഠനവും പൂർത്തിയാക്കി. കേരള സർവകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി. യുജിസി നെറ്റ്- ജെആർഎഫ് എന്നീ യോഗ്യതകള്‍ നേടിയിട്ടുണ്ട്.
എസ്എഫ്ഐ പ്രവർത്തകയായി തുടങ്ങി എസ്എഫ്ഐ കൊല്ലം ഏരിയ പ്രസിഡന്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സണായും സെനറ്റ് അംഗമായും സിൻഡിക്കേറ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. 2016 മുതല്‍ 2023 വരെ രണ്ട് ടേമുകളായി കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സണ്‍ ആയി പ്രവർത്തിച്ചു.
അതേസമയം ഇന്നത്തെ യോഗത്തിലും വിഭാഗീയത ശക്തമായിരുന്നു എന്നാണ് റിപ്പോർട്ടുകള്‍. സംഘടയിലെ വാർത്തകള്‍ നേതാക്കള്‍ തന്നെ ചോർത്തുന്നു എന്ന ശക്തമായ വിമർശനമാണ് ഉയരുന്നത്. നേതാക്കള്‍ക്ക് ജനകീയരായി മാറാൻ സാധിക്കുന്നില്ല. പാലിയേറ്റീവ് കെയർ സംവിധാനമയി സംഘടന മാറുന്നു. സമര സംഘടനയായി തിരിച്ചെത്തണം എന്നിങ്ങനയുള്ള വിമർശനങ്ങളും ഉയർന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








