പെരുമണ്ണയുടെ സാംസ്കാരിക സ്പന്ദനത്തിന്റെ അടയാളമായ ഗ്രാമീണ വായനശാല കെട്ടിടം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ചെലവിലാണ് കെട്ടിടത്തിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്.
വിദ്യാസമ്പന്നരായ കുറച്ച് യുവാക്കളുടെ മനസ്സിലുദിച്ച ആശയമായിരുന്നു ഗ്രാമീണ വായനശാല. 1954 ൽ സ്വകാര്യ കെട്ടിടത്തിൽ കെ.ഇ കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റർ പ്രസിഡണ്ടും താഴെപറമ്പിൽ ചാത്തുക്കുട്ടി സെക്രട്ടറിയുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വായനശാല ആരംഭിക്കുന്നത്. 1979 ൽ മൂന്ന് സെന്റ് സ്ഥലം വാങ്ങുകയും ഒരു കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഇതോടെ വായനാ തൽപരരായ സാധാരണക്കാരുടെ ഒത്തുചേരൽ കേന്ദ്രമായി വായനശാല വളരുകയായിരുന്നു.
സംസ്ഥാന ലൈബ്രറി കൗൺസിൽ രജിസ്ട്രേഷനുള്ള വായനശാലയുടെ സെക്രട്ടറിയായി പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് പ്രവർത്തിച്ചിട്ടുണ്ട്. തൊഴിലന്വേഷകരെ മത്സര പരീക്ഷകൾക്ക് തയ്യാറാക്കുന്നതിനുള്ള പഠന കളരിയായും പുതിയ തലമുറയിൽപ്പെട്ടവരുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കപ്പെടുന്നതിനും വായനശാല വഴിയൊരുക്കുന്നു.
പെരുമണ്ണയുടെ ചരിത്രത്തോടൊപ്പം നടക്കുകയും ഒട്ടേറെപ്പേർക്ക് ഔന്നത്യത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കുകയും ചെയ്ത ഗ്രാമീണ വായനശാലയിൽ ഇപ്പോൾ ഏഴായിരത്തിലധികം പുസ്തകങ്ങളുണ്ട്. രണ്ട് നിലകളിലായി പ്രവൃത്തി പൂർത്തീകരിച്ച പുതിയ കെട്ടിടത്തിൽ ലൈബ്രറി, സെമിനാർ ഹാൾ, ചിൽഡ്രൻസ് കോർണർ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വായനശാലയ്ക്ക് പ്രൊജക്ടറും ലാപ്ടോപ്പും ലഭ്യമാക്കാൻ തന്നെ ഫണ്ടിൽ നിന്ന് പി.ടി.എ റഹീം എം.എൽ.എ തുക അനുവദിച്ചിട്ടുണ്ട്. ഫർണിച്ചർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ പെരുമണ്ണ ഗ്രാമപഞ്ചായത്ത് 1.7 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അജിത അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം കെ. ചന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായി. പ്രൊഫ. കെ.ഇ.എൻ കുഞ്ഞഹമ്മദ്, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എൻ. ഉദയൻ മാസ്റ്റർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് മെമ്പർ സി. ഉഷ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരിയ രാജീവ് പെരുമൺപുറ, സി.പി ആമിനബി ടീച്ചർ, ഗ്രാമപഞ്ചായത്ത് മെമ്പർ യു.കെ റുഹൈമത്, കെ.വി ശങ്കരനാരായണൻ സംസാരിച്ചു. വായനശാല സെക്രട്ടറി വി പി ശ്യാംകുമാർ സ്വാഗതവും പ്രസിഡന്റ് എം.എ പ്രതീഷ് നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.