പടിഞ്ഞാറത്തറ : ബാണാസുര സാഗർ അണക്കെട്ടിൽ ഇനി കൂടുകളിൽ മീൻ വളരും റീബിൽഡ് കേരളയുടെ ഭാഗമായാണ് അണക്കെട്ടിൽ കൂട് മത്സ്യക്കൃഷി ചെയ്യുന്നത്. വൈദ്യുതി വകുപ്പിന് കീഴിലുള്ള അണക്കെട്ടിൽ അവരുടെ അനുമതിയോടെയാണ് മത്സ്യകൃഷി നടത്തുന്നത്. പ്രോജക്ട് മാനേജുമെന്റിന്റെ ഉത്തരവാദിത്തം അക്വാകൾച്ചർ ഡെവലപ്‌മെന്റ് ഏജൻസിയാണ്. ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ കേരള (അഡാക്) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ നേതൃത്വത്തിലാണ് കൂട് നിർമാണ പ്രവൃത്തി പുരോഗമിക്കുന്നത്. ജലാശയങ്ങളിൽ പ്രത്യേക കൂട് സ്ഥാപിച്ച് അതിൽ മീൻകുഞ്ഞുങ്ങളെ വളർത്തുകയാണ് ചെയ്യുക.
വലിയ ജലാശയങ്ങളിൽ മത്സ്യക്കൃഷി ചെയ്യുമ്പോൾ മീനുകൾക്ക് തീറ്റകൊടുക്കാനും വിളവെടുക്കാനുമുള്ള ബുദ്ധിമുട്ടില്ലാതാക്കാൻ കൂട് മത്സ്യക്കൃഷി സഹായിക്കും. കൂടുകളിലെ വലയിലാണ് മീനിനെ വളർത്തുക. 3.2 കോടിയാണ് പദ്ധതിയുടെ ചെലവ്. മത്സ്യകൃഷിക്കായി 90 കൂടുകൾ ബനസുര സാഗർ ഡാമിൽ സ്ഥാപിച്ചിട്ടുണ്ട്.
അണക്കെട്ടിന്റെ കുറ്റിയാംവയൽ ഭാഗത്ത് ഒമ്പത് ബ്ലോക്കുകളിലായാണ് കൂടുകൾ സ്ഥാപിച്ചിട്ടുള്ളത്. ഗിഫ്റ്റ് തിലാപ്പിയ ഇനത്തിൽപ്പെട്ട ഒരുലക്ഷം മീൻ കുഞ്ഞുങ്ങളെയാണ് ആദ്യഘട്ടത്തിൽ നിക്ഷേപിക്കുക. ആറുമാസംകൊണ്ട് വിളവെടുക്കാം. ഇത്തരത്തിൽ ഒരു വർഷം രണ്ടു തവണ വിളവെടുക്കാം. ബാണാസുര ഫിഷർമാൻ പട്ടിക വർഗ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. സൊസൈറ്റിയിലെ 90 അംഗങ്ങളും കൂടിൽ മത്സ്യം വളർത്താനുള്ള പരിശീലനം പൂർത്തിയാക്കി. കേരള റിസർവോയർ ഓഫ് ഫിഷറീസ് ഡെവലപ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായി മുൻവർഷങ്ങളിൽ സൊസൈറ്റിയിലെ അംഗങ്ങൾക്ക് കൊട്ടത്തോണി, ഗിൽനെറ്റ് തുടങ്ങിയവ നൽകിയിരുന്നു. ബാണാസുരസാഗർ, കാരാപ്പുഴ അണക്കെട്ടുകളിൽ കഴിഞ്ഞ വർഷം 25 ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. ഇതിന് പുറമേയാണ് കൂട് സ്ഥാപിച്ചത്. സൊസൈറ്റി അംഗങ്ങളാണ് ഇവിടെനിന്ന് മീൻപിടിക്കുന്നത്. തയ്യാറാക്കിയത് 90 കൂടുകൾ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.