മാവൂർ: ഗ്രാസിം ഭൂമി ഇനിയെന്തിന് എന്ന വിഷയത്തിൽ മാവൂർ മർച്ചന്റ് അസോസിയേഷൻ സാഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ മാർച്ച് 10 ന് വൈകുന്നേരം 4.30 ന് മാവൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കലിക്കറ്റ് ചേംബർ പ്രസിഡൻറ് സുബൈർ കൊളക്കാടൻ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പാർട്ടി, സംഘടന പ്രതിനിധികൾ പങ്കെടുക്കും.
ആയിരക്കണക്കിന് കുടുംബങ്ങളെ തീറ്റിപ്പോറ്റിയ മാവൂർ ഗ്രാസിം ഫാക്ടറി ഇല്ലാതായിട്ട് പതിറ്റാണ്ടുകളായി. പരിസ്ഥിതി സൗഹൃദ വ്യവസായ മേഖലയാക്കാൻ എന്തുകൊണ്ടും ഒത്തിണങ്ങിയ ഈ മണ്ണ് നാടിനും നാട്ടാർക്കും ലഭിക്കണം. മാവൂരിന്റെ വികസനത്തിനാവശ്യമായ സ്ഥാപനങ്ങൾ നിർമ്മിക്കാനുള്ള ഭൂമിയും പുതു തലമുറക്ക് കായികമായി പരിശീലനത്തിനാവശ്യമായ സ്ഥലവും സർക്കാറിലേക്ക് വിട്ടു നൽകാൻ ബന്ധപ്പെട്ടവർ തയാറാകണം.
കാട്ടുപന്നികളുടെ വിഹാരകേന്ദ്രമായ കമ്പനി ഉടമസ്ഥതയിലുള്ള ഭൂമിയിലെ കാടുകൾ വെട്ടി തെളിയിച്ച് ജനങ്ങളുടെ ഭീതി അകറ്റി പരിസ്ഥിതി സൗഹ്യദമായ നൂതനമായ വ്യവസായങ്ങൾ തുടങ്ങണം. 21 വർഷമായി തുടരുന്ന ഈ അനീതിക്കെതിരെ ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുകയാണ് മാവൂരിലെ കച്ചവട കൂട്ടായ്മയായ മാവൂർ മർച്ചന്റ് അസോസിയേഷൻ ഈ ബഹുജന കൂട്ടായ്മയിലൂടെ ഉദ്ദേശിക്കുന്നത്. പരിപാടിയിലൂടെ രൂപപ്പെടുന്ന കൂട്ടായ്മ വഴി ബഹുജന മുന്നേറ്റത്തിന് തുടക്കം കുറിക്കമെന്നും സംഘാടകർ മാവൂർ പ്രസ് ഫോറത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ.വി. സാഹിർ,കൺവീനർ അബ്ദുൽ റസാഖ് സ്നേഹഭവൻ, വൈസ് പ്രസിഡൻറുമാരായ കെ.എസ്.രാമമൂർത്തി, ഫൈസൽ ചിറ്റടി എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








