ദില്ലി കലാപ കേസിൽ ഗൂഡാലോചനക്കുറ്റം ചുമത്തി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെചൂരി, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക ശാസ്ത്രജ്ഞൻ ജയതി ഘോഷ് എന്നിവർക്കെതിരെ കേസെടുത്തിട്ടില്ല. ആരോപണം നിഷേധിച്ച് ദില്ലി പോലീസ്. മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ടാണ് ഡല്‍ഹി പൊലീസ് ട്വിറ്ററിലൂടെ പ്രതികരിച്ചത്. പ്രതികളുടെ മൊഴിയിലാണ് നേതാക്കളുടെ പേരുകള്‍ ഉള്ളതെന്നാണ് പൊലീസിന്റെ വിശദീകരണം.
യുഎപിഎ കേസിലെ പ്രതിയായ ഗുൽഫിഷ ഫാത്തിമയുടെ മൊഴിയിലാണ് ഇവര്‍ കലാപം ആസൂത്രണം ചെയ്യാൻ സഹായിച്ചെന്ന മൊഴിയുള്ളത് എന്നായിരുന്നു വാര്‍ത്തകള്‍. പി.ടി.ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത്. പ്രതികൾ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഒരാൾക്കെതിരെ കുറ്റം ചുമത്താൻ കഴിയില്ലെന്നും അവരിൽ ചിലരുടെ പേരുകൾ മാത്രമേ പരാമർശിച്ചിട്ടുള്ളൂവെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ നിയമനടപടി സ്വീകരിക്കുകയുള്ളൂവെന്നും ദില്ലി പോലീസ് വക്താവ് പറഞ്ഞു.
കുറ്റപത്രത്തിൽ തന്റെ പേര് പ്രത്യക്ഷപ്പെട്ടുവെന്ന വാർത്ത വന്നതിനെത്തുടർന്ന് റിപ്പോർട്ട് തെറ്റാണെന്ന് യോഗേന്ദ്ര യാദവ് ട്വിറ്ററിൽ ട്വീറ്റ് ചെയ്തു. തന്‍റെയും യെച്ചൂരിയുടെയും പേരുകള്‍ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടേയുള്ളുവെന്നും തങ്ങള്‍ക്കെതിരെ ഗൂഢാലോചനാകുറ്റം ചുമത്തുകയോ കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പി.ടി.ഐ ആദ്യം കൊടുത്ത വാര്‍ത്ത തിരുത്തിയതായും യോഗേന്ദ്ര യാദവ് പറഞ്ഞു.
സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ് എന്നിവരെ കൂടാതെ സാമ്പത്തിക വിദഗ്ധൻ ജയതി ഘോഷ്, ദില്ലി യൂണിവേഴ്‌സിറ്റി പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി ഡയറക്ടർ രാഹുൽ റോയ് എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ടെന്നാണ് പി.ടി.ഐ അറിയിച്ചത്.
പൗരത്വ നിയമത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധം ശമിപ്പിക്കാനുള്ള ശ്രമമാണ് പുതിയ വാർത്തയെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. മോദി സർക്കാർ ചോദ്യങ്ങളെ ഭയപ്പെടുന്നു. പൗരത്വ നിയമ ഭേദഗതികളെ ഇനിയും ശക്തമായി എതിർക്കുമെന്ന് യെച്ചൂരി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.