ദില്ലി കലാപകേസിലെ കുറ്റപത്രത്തിൽ തന്റെ പേര് ഉൾപ്പെടുത്തുന്നത് രാഷ്ട്രീയ തന്ത്രമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കലാപത്തിൽ ദില്ലി പോലീസ് എന്താണ് അന്വേഷിക്കുന്നതെന്ന് വ്യക്തമാക്കണം. വിദ്വേഷ ഭാഷണമാണ് ദില്ലിയിലെ കലാപത്തിന് കാരണമായത്. ജനങ്ങളുടെ പോരാട്ടങ്ങളെ കലാപവുമായി എങ്ങനെ ബന്ധിപ്പിക്കാമെന്നും യെച്ചൂരി ചോദിച്ചു. ദില്ലി പോലീസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് നൽകിയ പ്രതിയുടെ കുറ്റസമ്മത പ്രസ്താവനയിലാണ് യെച്ചൂരിയുടെ പേര്. കലാപവുമായി ബന്ധപ്പെട്ട യുഎപിഎ കേസിലെ പ്രതിയായ ഗുൽഫിഷ ഫാത്തിമ, കലാപം ആസൂത്രണം ചെയ്യാൻ യെച്ചൂരി സഹായിച്ചതായി ഉദ്ധരിച്ചിരുന്നു. യെച്ചൂരിക്ക് പുറമെ സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധൻ ജയതി ഘോഷ്, ദില്ലി യൂണിവേഴ്‌സിറ്റി പ്രൊഫസറും ആക്ടിവിസ്റ്റുമായ അപർവാനന്ദ്, ഡോക്യുമെന്ററി ഡയറക്ടർ രാഹുൽ റോയ് എന്നിവരുടെ പേരുമുണ്ട്.
അതേസമയം, ദില്ലി പോലീസ് ആരോപണം നിഷേധിച്ചു. പ്രതികൾ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഒരാൾക്കെതിരെ കുറ്റം ചുമത്താൻ കഴിയില്ലെന്നും അവരിൽ ചിലരുടെ പേരുകൾ മാത്രമേ പരാമർശിച്ചിട്ടുള്ളൂവെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ നിയമനടപടി സ്വീകരിക്കുകയുള്ളൂവെന്നും ദില്ലി പോലീസ് വക്താവ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.