തിരുവനന്തപുരം : കോവിഡ് വ്യാപനത്തേത്തുടര്‍ന്ന് ഒന്നരവര്‍ഷത്തിലേറെയായി തുടര്‍ന്ന ലോക്ക്‌ഡൗണ്‍ ഇന്നലെേയാടെ തല്‍ക്കാലം അവസാനിപ്പിച്ച് കേരളം. ഓണക്കാലം ലക്ഷ്യമിട്ടാണ് ഇന്നുമുതല്‍ സംസ്‌ഥാനം പൂര്‍ണമായി തുറക്കുന്നത്. ഓണാഘോഷങ്ങള്‍ക്കുള്ള സാഹചര്യം ഇക്കൊല്ലവുമില്ലെങ്കിലും നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി വിപണി സജീവമാക്കാനാണു സര്‍ക്കാര്‍ ശ്രമം. അതിന്റെ ഭാഗമായാണു കൂടുതല്‍ ഇളവുകള്‍.
ഇന്നുമുതല്‍ 31 വരെ സംസ്‌ഥാനത്തു മെഗാ വാക്‌സിനേഷനും നടക്കും. വയനാട് ജില്ലയിലെ വൈത്തിരിയില്‍ 100% വാക്‌സിനേഷന്‍ നടത്തി. ഇന്നലെ സമ്ബൂര്‍ണ ലോക്ക്‌ഡൗണ്‍ ആയിരുന്നെങ്കിലും ഇനി വരുന്ന രണ്ട് ഞായറാഴ്‌ചകളിലും ലോക്ക്‌ഡൗണില്ല. രാവിലെ ഏഴുമുതല്‍ രാത്രി ഒന്‍പതുവരെ നിബന്ധനകളോടെ കടകള്‍ പ്രവര്‍ത്തിക്കും. ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാനുള്ള അനുമതിയും ഉടനുണ്ടായേക്കും. എ.സി. പ്രവര്‍ത്തിപ്പിക്കരുതെന്ന നിബന്ധനയോടെയാകും അനുമതി.
ഇന്നുമുതല്‍ ബീച്ചുകളിലും മറ്റന്നാള്‍ മുതല്‍ മാളുകളിലും സാമൂഹിക അകലം പാലിച്ച് പ്രവേശനമനുവദിക്കും. ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവര്‍ക്കു വിനോദസഞ്ചാരേകന്ദ്രങ്ങളില്‍ പ്രവേശിക്കാനും ഹോട്ടലുകളില്‍ താമസിക്കാനും തടസമില്ല. ഹോട്ടല്‍/റിസോര്‍ട്ട് ജീവനക്കാര്‍ വാക്‌സിന്‍ എടുത്തവരായിരിക്കണം. കണ്ടെയ്‌ന്‍മെന്റ് സോണുകളില്‍പ്പോലും ഹോട്ടലുകളെയോ താമസക്കാരായ വിനോദസഞ്ചാരികളെയോ ബുദ്ധിമുട്ടിക്കരുതെന്നു നിര്‍ദേശമുണ്ട്. ബീച്ചുകളില്‍ കുടുംബസമേതം മാനദണ്ഡങ്ങള്‍ പാലിച്ചെത്താം.
കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഓണം വാരാഘോഷം നടത്താനാകാത്തതിനാല്‍ വെര്‍ച്വല്‍ ഓണാഘോഷം സംഘടിപ്പിക്കുമെന്നു വിനോദസഞ്ചാരവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. കോവിഡ് മൂലം വിനോദസഞ്ചാരമേഖലയ്‌ക്കു 2020 മാര്‍ച്ച് മുതല്‍ 2020 ഡിസംബര്‍ വരെ 33,000 കോടി രൂപയുടെ നഷ്‌ടമുണ്ടായി. വിദേശനാണയവിനിമയത്തില്‍ 7000 കോടിയുടെ നഷ്‌ടമുണ്ടായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.