മെസ്സി..മെസ്സി.. ബഹളം കേട്ട് ബാല്‍ക്കണിയിലേക്ക് വന്ന അനസ് താഴോട്ട് നോക്കിയപ്പോള്‍ എല്ലാവരും തന്നെ നോക്കുന്നു..ഇതെന്താപ്പോ എല്ലാവരും ഇങ്ങോട്ട് നോക്കുന്നതെന്നാലോചിച്ച് തിരിഞ്ഞപ്പോള്‍ അനസ് ശരിക്കും ഞെട്ടി, തൊട്ടപ്പുറത്ത് നില്‍ക്കുന്നത് ഫുട്‌ബോള്‍ ദൈവം മെസ്സി.
തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം രണ്ടാഴ്ചത്തെ യൂറോപ്യന്‍ സഞ്ചാരത്തിന്റെ ഭാഗമായാണ് അനസ് പാരീസിലെത്തുന്നത്. പാരീസിലെ സെവന്‍ സ്റ്റാര്‍ ഹോട്ടലായ ലെ റോയല്‍ മോസുവിലാണ് അനസ് മുറിയെടുത്തിരുന്നത്. ബാഴ്‌സലോണ ക്ലബ്ബ് വിട്ട മെസ്സി ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയുമായുള്ള കോണ്‍ട്രാക്ട് ഒപ്പ് വെക്കാന്‍ അതേ ഹോട്ടലില്‍ എത്തുമെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ അനസ്സിനോട് പറഞ്ഞിരുന്നു.
വൈകീട്ട് മുതല്‍ തന്നെ ഹോട്ടലിന്റെ മുന്‍വശം ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു. മിശിഹായെ ഒരു നോക്ക് കാണാന്‍ ഞങ്ങളും പോയി നിന്നെന്ന് അനസ് പറയുന്നു. 3 മണിക്കൂറോളം താഴെ കാത്തു നിന്ന അനസ് നിരാശനായി തിരികെ മുറിയിലേക്ക് മടങ്ങി കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഹോട്ടലിന്റെ പുറത്ത് വലിയ ആരവം. മെസ്സി എവിടെയെങ്കിലും പോവുകയായിരിക്കുമെന്നും, ഒരു നോക്ക് കാണാന്‍ കഴിഞ്ഞെങ്കിലെന്ന് വിചാരിച്ച് ബാല്‍ക്കണിയിലേക്ക് ചെന്ന അനസ് കണ്ടത് തൊട്ടപ്പുറത്തെ മുറിയിലെ ബാല്‍ക്കണിയില്‍ നിന്ന് ആരാധകരെ കൈ വീശി കാണിക്കുന്ന ഫുട്‌ബോള്‍ ഇതിഹാസത്തെയാണ്.
മെസ്സി..മെസ്സി എന്നുറക്കെ വിളിക്കാന്‍ തുടങ്ങി മെസ്സിയുടെ കടുത്ത ആരാധകനായ അനസ്. അനസിന്റെ വിളി ശ്രദ്ധയില്‍ പെട്ടത് മെസ്സിയുടെ മകനായ തിയാഗോയാണ്. കുഞ്ഞു തിയാഗോ അച്ഛനെ വിളിച്ച് അനസ്സിനെ കാണിച്ചു കൊടുത്തു. കാല്‍പന്തുകളിയുടെ മിശിഹാ അനസ്സിനെ നോക്കി ചിരിച്ചു കൊണ്ട് കൈയുയര്‍ത്തി കാണിച്ചു.
മക്കളേ…ഇതു കണ്ടോ, ഫുട്‌ബോളിന്റെ രാജാവ്, അത്ഭുതവും സന്തോഷവും അടക്കാനാവാതെ അനസും സമീറും വിളിച്ചു പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലിപ്പോള്‍ വൈറലാണ്. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് അനസ് പറയുന്നത്. പിന്നാലെ ഹോട്ടല്‍ ലോബിയില്‍ നിന്ന് ഒരു സെല്‍ഫിയും പകര്‍ത്താനായതിന്റെ സന്തോഷത്തിലാണ് അനസിപ്പോള്‍. ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അനസ് ഖത്തറിലാണ് 10 വര്‍ഷമായി താമസിക്കുന്നത്.
ബാഴ്സലോണയുമായുള്ള 21 വർഷത്തെ ബന്ധം അവസാനിപ്പിച്ച് ഫുട്ബോൾ താരം ലയണൽ മെസ്സി ഖത്തറിന്റെ ഉടമസ്ഥതയിലുള്ള പാരീസ് സെന്റ് ജെർമെനിയിൽ ചേർന്നു. നിരവധി പിഎസ്ജി ആരാധകർ അർജന്റീന താരത്തെ അഭിവാദ്യം ചെയ്യുകയും ഫ്രാൻസിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
ഫ്രഞ്ച് ഫുട്ബോൾ ക്ലബായ പാരീസ് സെന്റ് ജെർമെനിയിൽ ചേർന്നതിന് ശേഷം താൻ അതീവ സന്തുഷ്ടനാണെന്ന് ലയണൽ മെസ്സി പറഞ്ഞു, ടീമിനായി ചാമ്പ്യൻസ് ലീഗ് നേടുകയാണ് തന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു. 34 വയസുള്ള സൂപ്പർ താരം ചൊവ്വാഴ്ച പിഎസ്ജിയുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.