പാഴൂരിൽ പന്ത്രണ്ടുകാരന്‍ നിപ പിടിപെട്ടു മരിച്ച സംഭവത്തില്‍ കൂടുതൽ പേരിൽ നിപ രോഗലക്ഷണങ്ങൾ കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. കോഴിക്കോട് ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് എട്ട് പേർക്ക് നിപ രോഗലക്ഷണങ്ങൾ കാണിച്ചതായി അറിയിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള എട്ടു പേര്‍ക്കു പനിയും മറ്റ് അസ്വസ്ഥകളും അനുഭവപ്പെടുന്നു. ഇവര്‍ ഉള്‍പ്പെടെ 32 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമ്പര്‍ക്കപ്പട്ടികയില്‍ 63 പേരെക്കൂടി ഉള്‍പ്പെടുത്തി. ആകെ 251 പേരാണ് പട്ടികയില്‍ ഉള്ളത്. ഇന്നലെ അത് 188 ആയിരുന്നു. ഇതില്‍ 32 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. ഇതിൽ എട്ട് പേരുടെ പരിശോധനാഫലമാണ് ഇനി പൂനെയിൽ നിന്ന് വരാനുള്ളത്. 12 മണിക്കൂറിനകം ഫലം എത്തുമെന്നാണ് അറിയുന്നത്.
കുട്ടിയുടെ മാതാവിനും രണ്ട് ആരോഗ്യപ്രവർത്തകർക്കുമായിരുന്നു നേരത്തെ രോഗലക്ഷണമുണ്ടായിരുന്നത്. ഇന്ന് ഗസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് പുതിയ പട്ടിക പുറത്തുവിട്ടത്.അഞ്ച് പേർ കൂടി രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചുവെന്നാണ് അധികൃതകർ അറിയിച്ചത്. നേരത്തെ പ്രാഥമിക പട്ടികയിൽ ഉണ്ടായിരുന്ന 20 പേരെയായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. ഇപ്പോൾ 12 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതർ വ്യക്തമാക്കി.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടിക നീളുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തെ അറിയിച്ചിരുന്നു. വൈറസിന്റെ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം നടക്കുകയാണെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.നിലവിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ രോഗ നിയന്ത്രണം സാധ്യമാണെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് ചികിത്സയെ ബാധിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടിയുമായി അടുത്ത സമ്പർക്കമുള്ള ഏഴ് പേരുടെ പരിശോധനാഫലം വൈകീട്ടോടെ ലഭിക്കും.
അതേസമയം, വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ പ്രദേശത്ത് മൃഗ സംരക്ഷണ വകുപ്പിന്റെ പരിശോധന തുടങ്ങി. വീട്ടിലെ എല്ലാ മൃഗങ്ങളുടേയും സാമ്പിളുകള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കും. ആടുകളില്‍നിന്ന് സാംപിളുകള്‍ ശേഖരിച്ചു. കുട്ടിക്ക് രോഗം ബാധിക്കുന്നതിന് മുന്നെ ഇവിടെ നിന്നും ആടിന് ദഹനക്കേട് പോലുള്ള അസുഖം വന്നിരുന്നു. ഇതിനെ കുട്ടി പരിചരിച്ചിരുന്നു. ഇത് രോഗാവസ്ഥയ്ക്ക് കാരണമായോ എന്ന സംശയത്തെ തുടര്‍ന്നാണ് ആടിന്റെ സ്രവം പരിശോധനയ്‌ക്കെടുത്തത്.
പ്രദേശത്ത് കാട്ടുപന്നി ശല്യവും രൂക്ഷമായതിനാല്‍ ഇതിനേയും പിടികൂടി പരിശോധിക്കാന്‍ ആലോചിക്കുന്നുണ്ട്. ഇതിനായി വനം വകുപ്പിന്റെ അനുമതി വാങ്ങാനിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്. വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലത്ത് അവയെ പിടികൂടി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കുട്ടി നിപ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുന്‍പാണ്. നിപ വൈറസ് ആണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ നില ഗുരുതരമാകുകയും മണിക്കൂറുകള്‍ക്കകം മരണത്തിന് കീഴടങ്ങുകയും ചെയ്തു. കുട്ടിക്ക് രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ അതോ മറ്റാരില്‍ നിന്നെങ്കിലും പകര്‍ന്നതാണോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പിച്ച് പറയാന്‍ അധികൃതര്‍ക്കായിട്ടില്ല.
എന്നാൽ സംസ്ഥാനത്ത് നിപ വ്യാപനം തീവ്രമാകാനിടയില്ലെന്നാണ് കേന്ദ്ര വിദഗ്ധ സംഘത്തിന്റെ നിഗമനം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനാല്‍ രോഗനിയന്ത്രണം സാധ്യമാണെന്നാണ് പ്രാഥമിക നിഗമനം. ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധര്‍ കേരളത്തിലെത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.