മാവൂർ: നിപ വൈറസ് ബാധയെ തുടർന്ന് വിദ്യാർത്ഥി മരണപ്പെട്ട പാഴൂരിൽ മൃഗസംരക്ഷണ വകുപ്പ് വീണ്ടും പരിശോധന നടത്തി. മൃഗസംരക്ഷണ വകുപ്പിന്റെ സംസ്ഥാന രോഗ നിർണയ ലാബിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന. മരണപ്പെട്ട മുഹമ്മദ് ഹാഷിമിന്റെ വീടിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ആടുകളുടെ രക്തവും സിറവും ശേഖരിച്ചിട്ടുണ്ട്.
അതുപോലെ, പാഴൂരിനു രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വവ്വാലിനെ അവശ നിലയില്‍ കണ്ടെത്തി. മുക്കം മുന്‍സിപ്പാലിറ്റിയിലെ മുത്താലം എന്ന സ്ഥലത്താണ് വവ്വാലിനെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൃഗസംരക്ഷണ അധികൃതര്‍ എത്തി വവ്വാലിനെ കൊണ്ടുപോയി. ഇതിന്റെ സാംപിള്‍ ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി അയക്കും.
കൂടുതൽ വവ്വാലുകളെ പിടികൂടി അവയുടെ സാമ്പിളുകൾ ശേഖരിക്കേണ്ടതുണ്ടെന്നും ഫോറസ്റ്റ് വകുപ്പിൽ നിന്നും അനുമതി കിട്ടുന്ന പക്ഷം കാട്ടുപന്നികളുടെ സാമ്പിളുകൾ ശേഖരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ബേബി പറഞ്ഞു. മൃഗങ്ങളിൽ നിന്നും ശേഖരിക്കുന്ന സ്രവങ്ങളും മറ്റും ഭോപ്പാലിലുള്ള നാഷണൽ ഹൈ സെക്യൂരിറ്റി ലാബിലേക്ക് പരിശോധനയ്ക്കയക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ചെറൂപ്പ, ഓമശ്ശേരി ഭാഗങ്ങളില്‍ നിന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ചത്ത വവ്വാലുകളെ കണ്ടെത്തിയിരുന്നു. ഇവയുടെ സാംപിളുകളും പരിശോധനക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ലഭിച്ചാല്‍ വൈറസിന്റെ ഉറവിടം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ചത്ത നിലയിലും അവശ നിലയിലും വവ്വാലുകളെ കണ്ടെത്തിയ സ്ഥലങ്ങളെല്ലാം നിപ ബാധിച്ച് കുട്ടി മരിക്കാനിടയായ പ്രദേശത്തിന്റെ അയല്‍ പ്രദേശങ്ങളായതിനാല്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.