ന്യൂഡൽഹി: രാജ്യസഭയിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്നു. കാർഷിക ബില്ലിനെതിരായ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത എട്ട് എംപിമാരെ തിരിച്ചുവിളിക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. എംപിമാരുടെ സസ്‌പെൻഷൻ പിൻവലിച്ചില്ലെങ്കിൽ താൻ സഭയിൽ തുടരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ എംപിമാര്‍ ഒന്നിച്ചു സഭ വിട്ടിറങ്ങുന്ന കാഴ്‌ചയാണ് പിന്നീട് കണ്ടത്.
എംപിമാരെ സസ്‌പെൻഡ് ചെയ്യുന്നത് പിൻവലിക്കണമെന്നും സ്വകാര്യ കമ്പനികൾ കർഷകരിൽ നിന്ന് ഉൽപന്നങ്ങൾ വിലയ്ക്ക് താഴെയായി വാങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി പുതിയ ബിൽ അവതരിപ്പിക്കണമെന്നും സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്തതുപോലെ പിന്തുണ വില പ്രഖ്യാപിക്കണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പാർലമെന്റിന്റെ വര്‍ഷകാല സമ്മേളനം മൊത്തത്തിൽ ബഹിഷ്‌കരിക്കുമെന്ന് ആസാദ് പറഞ്ഞു. സഭ ബഹിഷ്കരിക്കരുതെന്ന് ഉപരാഷ്ട്രപതി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. എംപിമാർ മാപ്പ് പറഞ്ഞാൽ സസ്‌പെൻഷൻ പിൻവലിക്കാമെന്ന് രാജ്യസഭാ സ്പീക്കർ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇന്നലെ രാജ്യസഭയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്‌ത എട്ട് എംപിമാര്‍ ഗാന്ധി പ്രതിമയ്‌ക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്. ഇന്നലെ രാത്രിയും എംപിമാര്‍ ഗാന്ധി പ്രതിമയ്‌ക്ക് മുന്‍പില്‍ കുത്തിയിരുന്നു. ഒരടി പിന്നോട്ടില്ലെന്നാണ് എംപിമാര്‍ പറയുന്നത്. രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധം അതിരുകടന്നെന്ന് ആരോപിച്ചാണ് എട്ട് പ്രതിപക്ഷ എംപിമാരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്‌തത്. തങ്ങള്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് പ്രതിഷേധിക്കുന്ന എംപിമാര്‍ വ്യക്തമാക്കി.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷം ഇന്ന് രാജ്യസഭാ നടപടികളില്‍ നിന്ന് വിട്ടു നിന്നേക്കും. രാവിലെ സഭ ചേര്‍ന്നയുടന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വിഷയം ഉന്നയിക്കും. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ക്ക് പിന്തുണയുമായി രാത്രിയിലും നിരവധി പ്രതിപക്ഷ കക്ഷികള്‍ ഗാന്ധി പ്രതിമയ്‌ക്ക് മുന്‍പിലെത്തി. പ്രതിപക്ഷ സ്വരങ്ങളെ ബിജെപി അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് എംപിമാര്‍ ആരോപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.