ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും ലഹരിമരുന്ന് പിടിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡിആര്‍ഐ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലഹരിമരുന്ന് കടത്തിലൂടെ കള്ളപ്പണം വെളുപ്പിച്ചതിനെ കുറിച്ച് ഇ ഡി അന്വേഷിക്കുന്നത്. ഈ ആഴ്ച തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക സംഘം അന്വേഷണം ആരംഭിക്കും.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അദാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും 21000 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ ഡിആര്‍ഐ പിടിച്ചത്. അഫ്ഗാനിസ്ഥാനില്‍ നിന്നും വിജയവാഡ ആസ്ഥാനമായ കമ്പനിയുടെ പേരില്‍ വന്ന രണ്ട് കണ്ടെയ്‌നറുകളില്‍ ആയാണ് 3000 കിലോ ഹെറോയിന്‍ എത്തിയത്. വിജയവാഡയിലെ കമ്പനി ഉള്‍പ്പടെ കേസുമായി ബന്ധമുള്ള മുഴുവന്‍ ആളുകളെയും സ്ഥാപനങ്ങളെയും കുറിച്ച് ഇ ഡി അന്വേഷിക്കും.
കേസില്‍ അറസ്റ്റിലായ ആന്ധ്രയിലെ കമ്പനി ഉടമകളെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവര്‍ കള്ളക്കടത്ത് ഇടപാടിന്റെ ബിനാമികള്‍ ആണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കിലോഗ്രാമിന് അഞ്ച് മുതല്‍ ഏഴ് കോടി രൂപ വരെ വില വരുന്ന മയക്ക് മരുന്ന് കടത്തില്‍ പിഎംഎല്‍എ ഉള്‍പ്പടെ ഉള്ള വകുപ്പുകള്‍ ചുമത്താന്‍ ആണ് ഇഡിയുടെ നീക്കം. കേസുമായി ബന്ധപ്പെട്ട് നാല് അഫ്ഗാന്‍ സ്വദേശികള്‍ ഉള്‍പ്പടെ എട്ട് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ പ്രതികള്‍ പത്ത് ദിവസത്തെ ഡിആര്‍ഐ കസ്റ്റഡിയില്‍ ആണ്. അതേസമയം, പോര്‍ട്ട് തങ്ങളുടേതാണെങ്കിലും ഷിപ്പ്‌മെന്റുകള്‍ പരിശോധിക്കാറില്ലെന്നാണ് 21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ അദാനിയുടെ വിശദീകരണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.