തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതില്‍ മാറ്റമില്ലെന്നും നവംബര്‍ ഒന്നിന് തന്നെ തുറക്കുമെന്നും മന്ത്രിമാര്‍. കോവിഡ് വ്യാപനത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി സ്‌കൂളുകളില്‍ ബയോബബിള്‍ ആശയത്തില്‍ സുരക്ഷയൊരുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ആരോഗ്യമന്ത്രി വീണ ജോര്‍ജും തിരുവനന്തപുരത്ത് പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇരു വകുപ്പുകളുടെയും സംയുക്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.
സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്കായി സമഗ്ര റിപോര്‍ട്ട് തയാറാക്കും. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ പ്രിന്‍സിപെല്‍ സെക്രടെറിമാരാണ് റിപോര്‍ട് തയാറാക്കുക. സൂക്ഷ്മതലത്തിലുള്ള വിശദാംശങ്ങള്‍ അടക്കം പരിശോധിച്ച ശേഷമാകും മാര്‍ഗരേഖ. ഇതിന്റെ ഭാഗമായി അധ്യാപക സംഘടനകള്‍, രക്ഷിതാക്കള്‍, രാഷ്ട്രീയ പാര്‍ടികള്‍ ഉള്‍പെടെയുള്ളവരുമായും സംസാരിക്കും.
ബയോബബിള്‍ പോലെയുള്ള സുരക്ഷാ കേന്ദ്രമായി സ്‌കൂളിനെ മാറ്റും. ആശങ്കയ്ക്ക് ഒട്ടും ഇടമില്ലാത്ത രീതിയില്‍ കുട്ടികളെ പൂര്‍ണമായും സുരക്ഷിതരായി സ്‌കൂളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടാകാത്ത തരത്തില്‍ ക്രമീകരണം നടത്തും. വരുന്ന രണ്ടുമൂന്ന് ദിവസങ്ങള്‍ കൊണ്ട് തന്നെ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.