കേരള രാഷ്ട്രീയത്തിൽ അസംഭവ്യമെന്ന് തന്നെ പറയാവുന്നതാണ് മുസ്ലിം ലീഗ് എൽഡിഎഫിൽ ചേരുന്നത്. യുഡിഎഫിന്റെ നട്ടെല്ലാണ് മുസ്ലിം ലീഗ് എന്ന് പറഞ്ഞാൽ കുറഞ്ഞുപോവില്ല. ലീഗ് യുഡിഎഫ് വിട്ടാൽ അതോടെ യുഡിഎഫ് എന്ന മുന്നണി ചരിത്രമാവും. അത്തരമൊരു സാധ്യത പ്രവചിച്ചിരിക്കുകയാണ് മാധ്യമപ്രവർത്തകൻ ആബിദ് അടിവാരം. ഉപമുഖ്യമന്ത്രി സ്ഥാനം അടക്കം വാഗ്ദാനം ചെയ്ത് ഒരു ചൂണ്ട എകെജി സെന്ററിൽ നിന്ന് പണക്കാട്ടേക്ക് പോയിട്ടുണ്ട് എന്ന് അദ്ദേഹം ഫെയിസ്ബുക്കിൽ കുറിച്ചു.
ജോസ് കെ മാണി മുന്നണി വിട്ടതോടെ യുഡിഎഫ് ഒന്ന് കുലുങ്ങിയിട്ടുണ്ട്, അത് അധികാരം കൈവിട്ട് പോവുമോ എന്ന ആധി യുഡിഎഫ് ക്യാമ്പിലുണ്ട്, അത് മുതലെടുക്കാനാണ് എൽഡിഎഫ് ശ്രമമെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
എകെജി സെന്ററിൽ നിന്ന് പാണക്കാട്ടേക്ക് ഒരു ചൂണ്ട പോയിട്ടുണ്ട്..
മാണി കോൺഗ്രസ്സ് മുന്നണി വിട്ടതോടെ യുഡിഎഫ് ഒന്ന് കുലുങ്ങിയിട്ടുണ്ട്, അടുത്ത തവണ ഭരണം കിട്ടാനുള്ള സാധ്യത തീരെ കുറഞ്ഞതായി യുഡിഎഫുകാർക്ക് തോന്നിത്തുടങ്ങിയിരുന്നു. ഈ അങ്കലാപ്പിനിടെ പാണക്കാട്ടെ സാഹിബിന്റെ വീട്ടിലേക്ക് എകെജി സെന്ററിൽ നിന്ന് ഒരു ചൂണ്ട പോയിട്ടുണ്ട്.
ചൂണ്ടയിൽ കുരുക്കിയ ‘ഇരകൾ’ ഇവയാണ്.
1) ഉപമുഖ്യമന്ത്രി
ഇത്തവണ ഭരണമാറ്റം ഉണ്ടായില്ലെങ്കിൽ യുഡിഎഫ് ക്ഷീണിക്കും, കോൺഗ്രസ്സ് നന്നായി മെലിയും, 2026 ലും പ്രതീക്ഷക്ക് വകയുണ്ടാവില്ല. സാഹിബിന് വയസ്സ് 69 ആണ്, ഈ ചാൻസ് വിട്ടാൽ ഇനിയൊരു അവസരം വരാനുള്ള സാധ്യത നന്നേ കുറവാണ്, ഡൽഹിയിൽ നിന്ന് പെട്ടികെട്ടിയ സ്ഥിതിക്ക് എൽഡിഎഫിൽ ചേരുകയാണ് അഭികാമ്യം. ഉപമുഖ്യമന്ത്രി പദവും പ്രധാന വകുപ്പുകളും വാഗ്ദാനം.
2) അധികാരം, നിലനിൽപ്പ്.
ഇത് എല്ലാ ലീഗുകാർക്കുമുള്ള ചൂണ്ടയാണ്, അധികാരമില്ലാതെ മുദ്രാവാക്യം വിളിച്ചു നടന്നിട്ടെന്ത്…? യുഡിഎഫ് അധികാരത്തിൽ വരാൻ ഇടയില്ല, കോൺഗ്രസ്സ് ക്ഷീണിക്കുന്നതോടെ ബിജെപി ശക്തിപ്പെടും, യുഡിഎഫിന്റെ ശക്തി ക്ഷയിക്കും, മുന്നണിയിലെ പ്രധാന കക്ഷി ലീഗായി മാറും, ഇടതു പക്ഷവും ബിജെപിയും രണ്ടു ഭാഗത്തു നിന്നും അടിച്ചാൽ പിടിച്ചു നിൽക്കാൻ ആകില്ല. അധികാരത്തിലേക്ക് അടുക്കാൻ കഴിയാത്ത വിധം ലീഗ് ഒറ്റപ്പെട്ടു പോകും.
ഇപ്പോൾ എൽഡിഎഫ് മുത്ത് വിലക്ക് സ്വീകരിക്കാൻ തയ്യാറാണ്,യുഡിഎഫിൽ കിട്ടിക്കൊണ്ടിരിക്കുന്ന സീറ്റുകളും വകുപ്പുകളും കിട്ടും. തെരഞ്ഞടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ട ശേഷം മുത്താറിയുടെ വിലക്ക് പോലും അവർ സ്വീകരിക്കില്ല.
മാറി ചിന്തിക്കുന്നതല്ലേ നല്ലത്…?
ആദ്യ ഇരയിൽ സാഹിബ് കൊത്തിയാൽ, രണ്ടാമത്തെ ഇര പാർട്ടിയുടെ തൊണ്ടയിൽ കുരുക്കുന്ന കാര്യം സാഹിബ് ഏറ്റെടുത്തു കൊള്ളും.
ഇടതു പക്ഷം ലീഗിനെ സ്വീകരിക്കുമോ, അണികൾക്കിടയിൽ പ്രതിഷേധം ഉണ്ടാകുമോ എന്നൊന്നും ശങ്കിക്കേണ്ടതില്ല. സിപിഎമ്മാണ് അവിടെ വല്യേട്ടൻ. അഴിമതിക്കാരനും കാട്ടുകള്ളനുമെന്നും വിളിച്ചു കേരളം സ്തംഭിപ്പിച്ച ശേഷം മാണിയുടെ പാർട്ടിയെ ഇടതുപക്ഷത്തേക്ക് ആനയിച്ച സിപിഎമ്മിന് ലീഗിനെ മുന്നണിയിൽ പ്രവേശിപ്പിക്കാൻ നിഷ്പ്രയാസം സാധിക്കും.
ലീഗ് അതിൻ്റെ ചരിത്രത്തിലെ നിർണ്ണായക പ്രതിസന്ധിയിലാണ്, ഇടത്തേക്ക് പോയാൽ ആദ്യത്തെ അഞ്ചു കൊല്ലം, പിണറായിയുടെയും സാഹിബിന്റെയും കാലം, സുഭിക്ഷമായിരിക്കും. മറുവശത്ത് യുഡിഎഫ് തകർന്നു കഴിഞ്ഞാൽ കമ്മ്യുണിസ്റ്റ് പാർട്ടി ചവിട്ടിത്തേക്കും. പടമാക്കി ഭിത്തിയിൽ തൂക്കും.
യുഡിഎഫിൽ തുടർന്നാൽ യുഡിഎഫിനെ നിലനിർത്തുക, കോൺഗ്രസിനെ നിലനിർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാൻ കഴിഞ്ഞാൽ ലീഗ് കേരള രാഷ്ട്രീയത്തിലെ ശക്തമായ സാന്നിധ്യമായിരിക്കും. യുഡിഎഫ് ഭരണം പിടിക്കാൻ കഴിയാത്ത വിധം ക്ഷീണിച്ചു പോയാൽ ലീഗ് ഒരു സ്ഥിരം പ്രതിപക്ഷ കക്ഷിയായി തുടരേണ്ടി വരും.
NB: തെറി വിളിക്കുന്ന ലീഗുകാരുടെ ശ്രദ്ധക്ക്. നിയമസഭാ തെരെഞ്ഞെടുപ്പ് ആകുമ്പോഴേക്ക് സാഹിബ് ഡൽഹിയിൽ നിന്ന് പെട്ടിയും കിടക്കയുമെടുത്ത് കേരളത്തിലേക്ക് തിരിക്കും എന്ന് കഴിഞ്ഞ വർഷം പറഞ്ഞപ്പോൾ വിളിച്ച തെറിയൊക്കെ മടക്കിയെടുത്ത ശേഷം വേണം പുതിയ തെറിവിളിക്കാൻ.
-ആബിദ് അടിവാരം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.