ടെഹ്റാന്: ഒരു കൈയില്‍ ഭാര്യയുടെ അറുത്ത തലയും മറുകൈയില്‍ കത്തിയുമായി യുവാവ് തെരുവില്‍. ഇറാനിലെ അഹ്വാസില് ആണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധമാണുയരുന്നത്. പതിനേഴ്കാരിയായ മോന ഹെയ്ദ്രിയെയാണ് ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊല്ലപ്പെട്ട മോനക്ക് മൂന്ന് വയസുള്ള മകനുണ്ട്. മോന 12ാം വയസില്‍ ബന്ധുവായ സജ്ജാദ് ഹെയ്ദ്രിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. തുടര്‍ന്ന് നിരന്തരം ഗാര്‍ഹിക പീഡനത്തിനിരയായ മോന വിവാഹ മോചനം ആവശ്യപ്പെട്ടെങ്കിലും കുട്ടിക്ക് വേണ്ടി ഭര്‍ത്താവിനോടൊപ്പം താമസിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുകയായിരുന്നു. പിന്നീട് ഭര്‍ത്താവിന്റെ പീഡനം സഹിക്കാതെ തുര്‍ക്കിയിലേക്ക് പോയ മോന അടുത്തിടെയാണ് തിരികെ എത്തിയത്. തിരിച്ചെത്തിയ മോനയെ ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരനും ചേര്‍ന്ന് കൈകാലുകള്‍ കെട്ടിയ ശേഷം തലയറുത്ത് മാറ്റുകയായിരുന്നു. പരപുരുഷ ബന്ധം ആരോപിച്ചായിരുന്നു ഇവര്‍ ക്രൂരമായ കൊലപാതകം നടത്തിയത്. തുടര്‍ന്ന് സജ്ജാദിന്റെ സഹോദരന് മോനയുടെ തല പുതപ്പില്‍ പൊതിഞ്ഞ് വലിച്ചെറിഞ്ഞു. എന്നാല്‍ സജ്ജാദ് ഈ തലയുമായി തെരുവിലേക്ക് എത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് ഇറാനില്‍ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. നിരവധി സാമൂഹികപ്രവര്‍ത്തകര്‍ ഹീനകൃത്യത്തെ അപലപിച്ച് രംഗത്തെത്തി. ഇറാനില്‍ സ്ത്രീകള്‍ക്കെതിരേ തുടരുന്ന ഇത്തരം ക്രൂരതകള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.