ഷാർജ: ഐപിഎൽ 13–ാം സീസൺ ആദ്യഘട്ടത്തിലെ അവസാന മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 195 റൺസ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂർ 194 റൺസ് കുറിച്ചത്. അവസാന ഓവറുകളിൽ തകർത്തടിച്ച എബി ഡിവില്ലേഴ്സിന്റെ (33 പന്തിൽ 73 റൺസ്) ബാറ്റിങ് മികവിലാണ് ബാംഗ്ലൂർ കൂറ്റൻ സ്കോർ നേടിയത്.
ദേവ്ദത്ത് പടിക്കൽ (23 പന്തിൽ 32 റൺസ്), ആരോൺ ഫിഞ്ച് (37 പന്തിൽ 47 റൺസ്), വിരാട് കോലി (28 പന്തിൽ 33 റൺസ്) എന്നിവരും തിളങ്ങി. കൊൽക്കത്തയ്ക്കായി ആന്ദ്രെ റസലും പ്രസീദ് കൃഷ്ണയും ഓരോ വിക്കറ്റ് നേടി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ബാംഗ്ലൂരിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ദേവ്ദത്ത് പടിക്കലും ആരോൺ ഫിഞ്ചും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 67 റൺസ് കൂട്ടിച്ചേർത്തു. എട്ടാം ഓവറിൽ റസൽ പടിക്കലിനെ ബൗള്‍ഡ് ആക്കിയതോടൊണ് കൂട്ടുകെട്ട് പിരിഞ്ഞത്.
പിന്നീട് കഴിഞ്ഞ കളിയിലെ കേമൻ ക്യാപ്റ്റൻ വിരാട് കോലി ക്രീസിലെത്തിയെങ്കിലും റൺനിരക്ക് കുറഞ്ഞു. 13–ാം ഓവറിൽ ഫിഞ്ചിനെ പ്രസീദ് കൃഷ്ണ പുറത്താക്കി. പിന്നീട് കോലിയെ സാക്ഷിയാക്കി ഡിവില്ലേഴ്സ് തകർത്തടിച്ചതോടെ ബാംഗ്ലൂർ സ്കോർ കുതിച്ചു. 33 പന്തിൽ ആറ് സിക്സറുകളുടേയും അഞ്ച് ബൗണ്ടറികളുടേയും അകമ്പടിയോടെയാണ് ഡിവില്ലേഴ്സ് 73 റൺസെടുത്തത്.
ആന്ദ്രെ റസൽ 4 ഓവറിൽ 51 റൺസ് വഴങ്ങി. കൊൽക്കത്ത നിരയിൽ സ്പിന്നർ സുനിൽ നരെയ്ൻ അവസാന ഇലവനിൽനിന്ന് പുറത്തായി. പകരം ടോം ബാൻടൻ ഇറങ്ങും. നരെയ്‌ന്റെ ബോളിങ് ആക്ഷനെതിരെ അംപയർ കഴിഞ്ഞ മത്സരത്തിൽ റിപ്പോർട്ട് നൽകിയിരുന്നു.
നേരത്തെ ടോസ് നേടിയ ബാഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂർ ടീമിൽ ഗുർകീരതിന് പകരം മുഹമ്മദ് സിറാജ് ഇടംപിടിച്ചു. കൊൽക്കത്തയിൽ സുനിൽ നരെയ്ൻ കളിക്കുന്നില്ല. പകരം ഇംഗ്ലണ്ട് താരം ടോം ബാന്റൺ ഇടംപിടിച്ചു. ബൗളിങ് ആക്ഷനിലെ സംശയത്തെ തുടർന്നാണ് നരെയ്നെ മാറ്റിനിർത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.