പഠിക്കുന്നതിനും പരീക്ഷകളെഴുതുന്നതിനും പ്രായം പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് നടൻ ഇന്ദ്രൻസ്. അറുപത്തിയെട്ടാമത്തെ വയസിലാണ് നടൻ സാക്ഷരതാ മിഷന്റെ ഏഴാംക്ലാസ് തുല്യതാ പരീക്ഷയെഴുതിയത്. കിഴക്കേക്കോട്ട അട്ടക്കുളങ്ങര സ്കൂളിലെ സെന്ററിലാണ് ഇന്ദ്രൻസ് പരീക്ഷയെഴുതാനെത്തിയത്. രാവിലെ 9.30 മുതലായിരുന്നു പരീക്ഷ. 151 പേർ പരീക്ഷ എഴുതുന്നുണ്ട്. രണ്ടു ദിവസമായി ആറ് വിഷയത്തിലാണ് പരീക്ഷ. വിജയിക്കുന്നവർക്ക് പത്താംതരം തുല്യതാകോഴ്സിലേക്ക് നേരിട്ട് ചേരാം.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നാലാംക്ലാസിലാണ് ഇന്ദ്രൻസ് പഠനം അവസാനിപ്പിച്ചത്. തുടർന്ന് തയ്യൽ ജോലി ആരംഭിക്കുകയും പിന്നീട് സിനിമയിലെത്തുകയുമായിരുന്നു. ഏഴാംതരം തുല്യതാ പരീക്ഷ വിജയിച്ചശേഷം പത്താംതരം തുല്യതയും എഴുതാൻ ആഗ്രഹമുണ്ടെന്ന് ഇന്ദ്രൻസ് പറഞ്ഞിരുന്നു. പരീക്ഷയെഴുതുന്ന ഇന്ദ്രൻസിനെ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിലൂടെ അഭിനന്ദിച്ചു.
ഞായറാഴ്ച നടക്കുന്ന നാലാംതരം തുല്യതാപരീക്ഷ 55 പേർ എഴുതുന്നുണ്ട്. നവചേതന പദ്ധതിയിൽ ഉൾപ്പെടുത്തി 519 പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും നാലാംതരം തുല്യതാ പരീക്ഷ നടത്തുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.