കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി എതിരില്ലാതെ നടൻ മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. മറ്റു സ്ഥാനാർഥികൾ ഇല്ലാതിരുന്നതിനാൽ എതിരില്ലാതെ മോഹൻലാൽ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
അതെ സമയം ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. ജൂൺ 30-ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം. 506 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി പദവിയിലേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്.
1994-ൽ അമ്മ രൂപവത്കൃതമായതിനുശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതൽ ഇടവേള ബാബു നേതൃത്വത്തിലുണ്ട്. ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ഓണററി സെക്രട്ടറിയുമായ കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. മമ്മൂട്ടിയും മോഹൻലാലും പിന്നീട് ജനറൽസെക്രട്ടറി സ്ഥാനത്തിരുന്നപ്പോൾ അവരുടെ ഷൂട്ടിങ് തിരക്കുകൾ മൂലം ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്ന അധികാരത്തോടെ ബാബു സെക്രട്ടറിയായി. 2018-ലാണ് ജനറൽ സെക്രട്ടറിയായത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.