പുഷ്പ 2 സ്ക്രീനിങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്റ്റിൽ. ജൂബിലി ഹിൽസിലെ വസതിയിൽ നിന്നാണ് ഹൈദരാബാദ് പൊലീസ് നടനെ അറസ്റ്റ് ചെയ്തത്. യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇന്നലെ തനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്.
ഡിസംബർ 4 ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം നടന്നത്. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശി രേവതി (39) ആണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും സാൻവിക്കും ഒപ്പം പ്രീമിയർ ഷോ കാണാൻ എത്തിയ രേവതി തിക്കിലും തിരക്കിലും പെട്ട് ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രേവതിയുടെ ഭർത്താവും മക്കളും അപകടത്തിൽപ്പെട്ടു. ഇവർ ചികിത്സയിലാണ്.
രാത്രി 11 ന് സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയ കൂട്ടം തിയറ്ററിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി സിനമയിലെ നായകനായ അല്ലു അർജുനും കുടുംബവും സംവിധായകൻ സുകുമാറും തിയറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ആളുകൾ തിയേറ്ററിലേക്ക് ഇടിച്ചു കയറാൻ ശ്രമിച്ചത് പൊലീസിന് നിയന്ത്രിക്കാൻ കഴിയാതെ വന്നു. ഇതോടെ പൊലീസ് ലാത്തിവീശി. തുടർന്ന് പൊലീസും ജനങ്ങളും തമ്മിലുണ്ടായ സംഘർഷമാണ് അപകടത്തിൽ കലാശിച്ചത്.
സംഭവത്തിൽ തിയറ്റർ ഉടമയടക്കം 3 പേരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. അപകടം നടന്ന സന്ധ്യ തിയറ്റർ ഉടമ സന്ദീപ്, സീനിയർ മാനേജർ നാഗരാജു, മാനേജർ വിജയ് ചന്ദ്ര എന്നിവരെയാണ് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. തിയറ്ററിൽ എത്തുന്ന വിവരം ഉടമസ്ഥരെയും പൊലീസിനെയും അറിയിച്ചിരുന്നതായും ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നിർദേശിച്ചിരുന്നതായും അല്ലു അർജുൻ പറഞ്ഞിരുന്നു. എന്നാൽ മുന്നറിയിപ്പില്ലാതെയാണ് താരം എത്തിയതെന്നും ഇതാണ് കൂടുതൽ കുഴപ്പങ്ങളുണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.