കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസറായ എം ജിഷമോളെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ആലപ്പുഴ നഗരത്തിൽ വാടകയ്ക്ക് താമസിക്കുന്ന ജിഷമോൾ മോഡലിംഗിലും സജീവമാണ്. നിരവധി ഫാഷന്‍ഷോകളില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കള്ളനോട്ട് കേസിൽ ജിഷമോളെ പൊലീസ് അറസ്റ്റ് ചെയ്തത്. ജിഷമോളുടെ നോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ജിഷമോളെ അറിയാവുന്ന മത്സ്യബന്ധന ഉപകരണങ്ങൾ വിൽക്കുന്നയാളാണ് 500 രൂപയുടെ ഏഴ് കള്ളനോട്ടുകളുമായി ബാങ്കിലെത്തിയത്. നോട്ടുകൾ നൽകിയത് ജിഷാമോളാണെന്ന് ഇയാൾ വെളിപ്പെടുത്തിയതോടെ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു.
എന്നാല്‍ ഏറെനേരം ചോദ്യംചെയ്തിട്ടും കള്ളനോട്ടിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറായില്ലെന്നാണ് വിവരം. ഇവരുടെ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. അതേസമയം, ജിഷമോളെ കള്ളനോട്ട് നല്‍കി മറ്റൊരെങ്കിലും കെണിയില്‍പ്പെടുത്തിയതാണോ എന്നും സംശയമുണ്ട്. ഇക്കാര്യങ്ങളെല്ലാം പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
ബിഎസ്‌സി അഗ്രികൾച്ചറൽ ബിരുദധാരിയായ ഇവര്‍ നേരത്തെ എയർ ഹോസ്റ്റസായി ജോലി ചെയ്തിരുന്നുവെന്നാണ് അവകാശപ്പെട്ടിരുന്നത്. 2009ൽ സ്‌പൈസസ് ബോർഡിൽ ഫീൽഡ് ഓഫീസറായിരുന്നു. പിന്നീട് മൂവാറ്റുപുഴയില്‍ വിഎച്ച്എസ്ഇ ട്യൂട്ടറായി. 2013ലാണ് കൃഷി ഓഫീസറായി ജോലിയില്‍ പ്രവേശിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









