ഇടുക്കി: മദ്യപാന ശീലം കുടുംബബന്ധങ്ങളെ ശിഥിലമാക്കന്ന കാഴ്ചകളാണ് വനിത കമീഷൻ നടത്തുന്ന അദാലത്തുകളിലുടനീളം കാണാൻ കഴിയുന്നതെന്ന് കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി. കുമളി വ്യാപാര ഭവനില്‍ നടന്ന ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. മദ്യം, അത് ഉപയോഗിക്കുന്ന ആളിനെ മാത്രമല്ല അവരുടെ കുട്ടികളെയും, കുടുംബത്തെയും ദോഷകരമായി ബാധിക്കുന്നു. നല്ല കുടുംബ അന്തരീക്ഷത്തിന് മാത്രമേ കുട്ടികൾക്ക് നല്ല ഭാവി നൽകാനാവൂ. അതുകൊണ്ട് മക്കളെയോർത്തെങ്കിലും മദ്യപാന ശീലം ഒഴിവാക്കാൻ അഭ്യർത്ഥിക്കുന്നു.
കൗൺസിലിംഗിലൂടെയും , ബോധവത്കരണ ക്ലാസ്സുകളിലൂടെയും ഇത്തരം ശീലങ്ങൾ ഒഴിവാക്കാൻ ജനങ്ങളെ പ്രാപ്തരാക്കാനുള്ള ശ്രമത്തിലാണ് വനിത കമ്മീഷൻ. കുടുംബ വിഷയങ്ങൾക്ക് പുറമെ അയൽപക്ക പ്രശ്നങ്ങൾ ,വഴിത്തർക്കം എന്നിവയും അദാലത്തിൽ പരിഗണിക്കപ്പെട്ടു. ആകെ ലഭിച്ച 41 പരാതികളിൽ 11 എണ്ണത്തിലും പൂർണ്ണമായ തീർപ്പുണ്ടാക്കാൻ കഴിഞ്ഞു. മൂന്ന് എണ്ണത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. സൈക്കോളജിസ്റ്, നിയമവിദഗ്ധൻ, ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ എന്നിവർ കമ്മീഷൻ അംഗത്തെ സഹായിക്കുന്നതിനായി അദാലത്തിൽ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.