കോഴിക്കോട്: തൃശൂർ അതിരപ്പിള്ളി വനമേഖലയിൽ കാട്ടുപന്നികളിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിലും ജാഗ്രതാ നിർദേശം നൽകി. മൃഗസംരക്ഷണ വകുപ്പാണ് ജാഗ്രതാ നിർദേശം നൽകിയത്. നഗരത്തിലുൾപ്പെടെ ജില്ലയിൽ കാട്ടുപന്നികളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. കാട്ടുപന്നികളുടെ ശല്യം കാരണം മലയോര മേഖലയിലെ കർഷകർ കൃഷി ഉപേക്ഷിച്ച് കുടിയിറങ്ങേണ്ട അവസ്ഥയിലുമാണ്. കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള അനുമതി തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ചതോടെ ശല്യം ഒഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
അതിനിടെ ആന്ത്രാക്സ് മുന്നറിയിപ്പ് നൽകിയതോടെ കർഷകർ ആശങ്കയിലാണ്. വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപന്നികളോ മറ്റ് മൃഗങ്ങളോ ചത്ത നിലയിൽ കണ്ടെത്തിയാൽ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. ചത്ത ജീവികളെ തൊടുകയോ നേരിട്ട് കൈകാര്യം ചെയ്യുകയോ ചെയ്യരുത്.
മൃഗങ്ങൾ ചത്തതായി കണ്ടാൽ അടുത്തുള്ള ആനിമൽ ഡിസീസ് കൺട്രോൾ ഓഫീസിലോ (എഡിസിപി) വനംവകുപ്പിലോ അറിയിക്കാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർ നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാ ആനിമൽ ഡിസീസ് കൺട്രോൾ ഓഫീസിലും ഇത്തരം വിവരങ്ങൾ അറിയിക്കാം. ഫോൺ: 0495 22762050
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









