തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തൃശൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ക്ഷുഭിതനാകുകയും അവരെ കൈയേറ്റം ചെയ്യുകയും ചെയ്ത നടപടി ഭരണഘടനാ ലംഘനമാണെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ്. വിമർശനങ്ങളോടും വിയോജിപ്പുകളോടും സുരേഷ് ഗോപി കാണിക്കുന്ന അസഹിഷ്ണുത ജനാധിപത്യ സംവിധാനത്തിന് തന്നെ അപമാനമാണ്.
നേരത്തെ തന്നോട് പ്രതികരിച്ച മാധ്യമ പ്രവർത്തകനോടുള്ള മോശം സമീപനമാണ് സുരേഷ് ഗോപി വിവാദമുണ്ടാക്കിയതെന്ന് എഐവൈഎഫ് ചൂണ്ടിക്കാട്ടി. സുരേഷ് ഗോപിയുടെ ശരീരഭാഷയും മാധ്യമപ്രവർത്തകരോടും വിമർശകരോടുമുള്ള പ്രതികരണങ്ങളും അങ്ങേയറ്റം ധിക്കാരപരവും അക്രമാസക്തവുമാണെന്നും സംഭവത്തിൽ സുരേഷ് ഗോപി മാധ്യമപ്രവർത്തകരോടും പൊതുജനങ്ങളോടും മാപ്പ് പറയണമെന്നും എഐഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
നേരത്തെ തൃശൂരിലെ രാമനിലയത്തിലെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു സുരേഷ് ഗോപി. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു പ്രകോപനം. രാവിലെ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണവും വിവാദമായിരുന്നു. വലിയ സംവിധാനത്തെ തകർക്കുകയാണ് മാധ്യമങ്ങളെന്നായിരുന്നു സുരേഷ് ഗോപി ആദ്യം പ്രതികരിച്ചത്. മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. കോടതി തീരുമാനിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.