കുന്ദമംഗലം: സമയത്തെചൊല്ലിയുള്ള തർക്കത്തെ തുടർന്ന് നമാസ് ബസിന്റെ മുൻവശത്തെ ഗ്ലാസ് അടിച്ചു തകർത്തു. ഈ ബസിലെ രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയില്‍ 8.10ന് കളൻതോട് വെച്ചാണ് സംഭവം. കോഴിക്കോടുനിന്ന് അരീക്കോട് ഭാഗത്തേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസും ഇതേ റൂട്ടില്‍ ഓടുന്ന മറ്റൊരു സ്വകാര്യ ബസും സമയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ആക്രമണം.
ആക്രമിക്കപ്പെട്ട ബസിന്റെ ഉടമസ്ഥൻ കുന്ദമംഗലം പൊലീസില്‍ പരാതി നല്‍കി. ആക്രമണത്തിന് ശേഷം കേടുപാടുകള്‍ സംഭവിച്ച ബസ് കളൻതോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം നിർത്തിയിട്ടിരിക്കുകയാണ്. ബസിന്റെ പിൻവശത്തെ ഗ്ലാസും പിന്നീട് അടിച്ചു തകർക്കുകയും ബസ് നശിപ്പിക്കാൻ ശ്രമിച്ചതായും ബസ് ഉടമസ്ഥൻ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൂടാതെ, അദ്ദേഹത്തിന്റെ മറ്റൊരു ബസിന്റെ മുൻവശത്തെ ചില്ല് നരിക്കുനിയില്‍നിന്ന് ഇതേ ദിവസം പുലർച്ച അടിച്ചു തകർത്തുവെന്നും ബസ് ഉടമസ്ഥൻ പറഞ്ഞു.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുന്ദമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. നരിക്കുനിയില്‍ ബസ് ആക്രമിക്കപ്പെട്ടതിന്റെ പരാതി കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ നല്‍കിയിട്ടുണ്ടെന്നും ബസ് ഉടമസ്ഥൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.