കോഴിക്കോട്: പയ്യാനക്കലിൽ പത്ത് വയസ്സുള്ള ആൺകുട്ടിയെ മോഷ്ടിച്ച കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രതിയായ സിനാൻ അലി യൂസഫ് അറസ്റ്റിലായി. ലൈംഗിക ചൂഷണം ലക്ഷ്യമിട്ടാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കൃത്യമായ പദ്ധതിയോടെയാണ് പ്രതി എത്തിയതെന്നും കാറിൽ മുഖംമൂടി പോലും സൂക്ഷിച്ചിരുന്നതായും പന്നിയങ്കര സിഐ എസ്. സതീഷ്കുമാർ പറഞ്ഞു. പ്രതി കുട്ടിയെ കർണാടകയിലേക്ക് തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഇയാൾ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ്. കർണാടകയിൽ പോലീസുകാരുടെ തലയിൽ കരിങ്കല്ലുകൊണ്ട് അടിച്ച കേസിലും സിനാൻ അലി യൂസഫ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് പയ്യാനക്കലില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായത്. ഫുട്‌ബോള്‍ കളിച്ച് മടങ്ങുകയായിരുന്ന പത്തുവയസ്സുകാരനോട് കാറിലെത്തിയ പ്രതി വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ചു. എന്തിനാണ് കുട്ടിയോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടതെന്ന് ചോദിച്ചപ്പോള്‍ കുട്ടിയെ ഒരിടത്ത് കൊണ്ടുപോകാനാണെന്നാണ് ഇയാള്‍ മറുപടി നല്‍കിയത്. കൂടുതല്‍ ചോദ്യംചെയ്തതോടെ കുട്ടിക്ക് ഇയാളുമായി യാതൊരു ബന്ധവുമില്ലെന്ന് മനസിലായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










