മക്ക: ബാബരി മസ്ജിദ് പൊളിച്ചുമാറ്റ കേസിലെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ സിബിഐയുടെ പ്രത്യേക കോടതി വിധി ജുഡീഷ്യറിയിൽ പൊതുജനവിശ്വാസം ഇല്ലാതാക്കിയതായി ഐസിഎഫ് സൗദി ദേശീയ സമിതി. അഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ചതും 400 വർഷമായി മുസ്ലീങ്ങൾ ആരാധിക്കുന്നതുമായ ബാബരി മസ്ജിദ് 28 വര്‍ഷംമുമ്പ് മനപൂർവ്വം ദീര്‍ഘകാലത്തെ ഗൂഢാലോചനക്ക് ശേഷം പൊളിച്ചുനീക്കി.
ഹിന്ദു ഫാസിസം ഇതിനായി രാജ്യത്ത് നിരവധി കലാപങ്ങൾ നടത്തി. ബിജെപി മുൻ പ്രസിഡന്റ് എൽ കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള രഥയാത്ര രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തച്ചൊരിച്ചിലിനൊടുവിൽ അയോധ്യയിലെത്തി. എൽകെ അദ്വാനി, ഉമാ ഭാരതി, മുരളീ മനോഹര്‍ ജോഷി എന്നിവരുടെ നേതൃത്വത്തിൽ ഹിന്ദു ഫാസിസ്റ്റുകൾ ആയുധങ്ങളും കല്ലുകളും ഉപയോഗിച്ച് പള്ളി നശിപ്പിച്ചത് ലോകം മുഴുവന്‍ കണ്ടിട്ടും ജുഡീഷ്യറിക്ക് കാണാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, പള്ളി പൊളിക്കാൻ നേതൃത്വം നൽകിയ നേതാക്കളെ സമാധാന പ്രാവുകളാക്കി മാറ്റാനും മറന്നില്ല.
കണ്‍മുന്നില്‍ കണ്ട ഒരു സംഭവത്തിന് തെളിവില്ലെന്ന് പറയുന്ന ജുഡീഷ്യറിക്ക് ബാധിച്ച അന്ധത തന്നെയാണ് വരും കാലങ്ങളില്‍ രാജ്യം നേരിടേണ്ടുന്ന വലിയ പ്രതിസന്ധിയെന്നും ഐ.സി.എഫ് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അധികാരത്തിലിരുന്ന എല്ലാവരും ഫാസിസത്തിന്‍െറ വളര്‍ച്ചക്ക് അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. രാജ്യത്തിന്‍െറ അഖണ്ഡതക്കും മതേതര മൂല്യങ്ങള്‍ക്കും പരിഗണന നല്‍കാതെ അധികാരത്തിന് വേണ്ടി മൂല്യങ്ങള്‍ കാറ്റില്‍ പറത്തിയതാണ് ഇന്ന് രാജ്യം അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും ഐ.സി.എഫ് നാഷനല്‍ കമ്മിറ്റി പറഞ്ഞു.
ഹബീബ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ബഷീര്‍ എറണാകുളം, നിസാര്‍ കാട്ടില്‍, ബഷീര്‍ ഉള്ളണം, സലിം പാലച്ചിറ, റഷീദ് സഖാഫി മുക്കം, സലാം വടകര എന്നിവര്‍ സംബന്ധിച്ചു. സിറാജ് കുറ്റിയാടി സ്വാഗതവും മുഹമ്മദലി വേങ്ങര നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.