ഓമശ്ശേരി: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ സ്ഥലത്തെ നടുക്കുന്ന ഓർമകളുമായി ഓമശ്ശേരി കർമ സന്നദ്ധ പ്രവർത്തകരായ കെ.പി. ബഷീറും പി.പി.ശിഹാബും. ദുരന്തമറിഞ്ഞ ഉടൻ തന്നെ ചൂരല്‍ മലയിലെത്തിയ ഇരുവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഏഴുദിവസങ്ങളിലായി ചളിയില്‍നിന്നും കണ്ടെടുത്തത് 33 മൃതദേഹങ്ങള്‍. ചൂരല്‍മല വില്ലേജ് ഭാഗം കേന്ദ്രീകരിച്ചു തുടക്കത്തില്‍ പ്രവർത്തിച്ച ഇവർ ആദ്യം കണ്ട കാഴ്ചകള്‍ മറക്കാൻ കഴിയില്ലെന്നു പറയുന്നു. മരത്തടികള്‍ക്കിടയില്‍ തങ്ങിനില്ക്കുന്ന ധാരാളം മൃതദേഹങ്ങള്‍ ഉണ്ടായിരുന്നു. ഇവ എടുത്തു കരയിലെത്തിച്ചു. ചളിയില്‍ ആണ്ടു കിടക്കുന്നവയെ പുറത്തെടുത്തു. ഇവ ചുമന്നു ആംബുലൻസുകളിലെത്തിച്ചതും നടുക്കുന്ന ഓർമകളാണ്. ഒന്നര വയസ്സുള്ള കുട്ടിയുടേതടക്കമുള്ള മൃത ശരീരങ്ങള്‍ ഇവയില്‍ ഉണ്ടായിരുന്നു.
ചാലിയാറില്‍ കൂളിമാട് മുതല്‍ നിലമ്ബൂർ പോത്ത്കല്ലു വരെയുള്ള തിരച്ചിലിലും ഇവർ അംഗങ്ങളായി ഉണ്ടായിരുന്നു. നിരവധി രക്ഷാ പ്രവർത്തനങ്ങളില്‍ പങ്കു കൊണ്ട ഇവർ മുക്കം അഗ്നിരക്ഷസേനയുടെ സിവില്‍ ഡിഫൻസ് വിഭാഗം അംഗങ്ങളാണ്. കർണാടകയില്‍ കാണാതായ അർജ്ജുനു വേണ്ടി നടന്ന തിരച്ചിലിനു ഓമശ്ശേരിയില്‍നിന്ന് ബഷീർ, ശിഹാബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പോയിരുന്നു. മലയോര മേഖലയില്‍ ഇരുവഴിഞ്ഞി പുഴയിലുണ്ടാവുന്ന എല്ലാ അപകടങ്ങളിലും ഇരുവരും സജീവമായി രംഗത്തുണ്ടാവുക പതിവു കാഴ്ചയാണ്. ഓമശ്ശേരിയില്‍ ഇസ്ലാമിക് വെല്‍ഫെയർ ട്രസ്റ്റില്‍ നടന്ന ചടങ്ങില്‍ ബഷീർ, ശിഹാബ് മേപ്പാടിയില്‍ മോർച്ചറിയില്‍ സേവനം അനുഷ്ടിച്ച ഷാഹിന ടീച്ചർ ഐ.ആർ.ഡബ്ല്യു പ്രവർത്തനങ്ങള്‍ക്കു നേതൃത്വം നല്കിയ സി.ടി. സുബൈർ എന്നിവരെ ആദരിച്ചു. എം.കെ. ജസീം,നൗഫല്‍, നൂർജഹാൻ, സെലിൻ തുടങ്ങിയവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.