വെള്ളയാംകുടി എസ്എംഎൽ ജംക്‌ഷനിൽ റോഡരികിലെ ട്രാൻസ്‌ഫോർമർ വേലിയിൽ ആഡംബര ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിനു കാരണം മത്സര ഓട്ടമാണെന്ന് മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിച്ചു. മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്മോന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ മത്സരയോട്ടത്തില്‍ പങ്കെടുത്ത രണ്ട് ഇരുചക്ര വാഹനങ്ങള്‍ കൂടി എസ്.ഐ കെ. ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. അപകടമുണ്ടായ സമയത്ത് അഞ്ച് ബൈക്കുകള്‍ മത്സരയോട്ടത്തില്‍ പങ്കെടുത്തെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. അപകടത്തില്‍പ്പെട്ട ബൈക്ക് ഓടിച്ചിരുന്ന വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദിന്റെ ലൈസന്‍സ് താത്കാലികമായി റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പി.എ. നസീര്‍ വ്യക്തമാക്കി. മോട്ടോര്‍ വാഹന വകുപ്പിന് പുറമേ കെ.എസ്.ഇ.ബിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസും വിഷ്ണു പ്രസാദിനെതിരെ കേസെടുത്തിട്ടുണ്ട്. അമിത വേഗതയില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തത്. ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം വാഹനത്തിന്റെ രേഖകളുമായി ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനുശേഷം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ ഉണ്ടാകും. സംഭവത്തില്‍ 12,160 രൂപയുടെ നഷ്ടമുണ്ടായെന്ന് കാണിച്ചാണ് കെ.എസ്.ഇ.ബി പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. വൈദ്യുതി നിയമമടക്കം ഉള്‍പ്പെടുത്തിയാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









