പാലാ ബിഷപ്പിൻ്റെ വിവാദ പരാമർശത്തിനെതിരെ കാന്തപുരം സമസ്ത വിഭാഗങ്ങൾ രംഗത്ത്. ബിഷപ്പിൻ്റെ പ്രസ്താവന അനുചിതമെന്നും അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും കാന്തപുരം വിഭാഗം. ബിഷപ്പിന്റെ പരാമർശങ്ങൾ മുസ്‌ലിം വിരോധം വളർത്താൻ ലക്ഷ്യം വെച്ചെന്ന് സമസ്ത മുഖപത്രം.
രാജ്യത്തെ ജനങ്ങൾക്കിടയിൽ സൗഹൃദവും സ്നേഹവും ശക്തിപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകളാണ് മത, രാഷ്ട്രീയ നേതാക്കളിൽ നിന്ന് ഉണ്ടാകേണ്ടതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഒരു സമുദായത്തെയും അകാരണമായി ആക്രമിക്കുന്നത് ശരിയല്ല. മതനേതൃത്വങ്ങൾ, വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കേണ്ടതുണ്ട്.
മതസംഞ്ജകളെ അസ്ഥാനത്തും അനവസരത്തിലും ഉപയോഗിച്ച് സാമൂഹികമണ്ഡലത്തെ വാഗ്വാദങ്ങളിലേക്കും സംഘർഷങ്ങളിലേക്കും വലിച്ചുകൊണ്ട് പോകുന്നത് വർഗീയശക്തികളെയായിരിക്കും സന്തോഷിപ്പിക്കുകയെന്നും കാന്തപുരം വിഭാഗം ഓർമ്മപ്പെടുത്തുന്നു.
വിവിധ മതവിഭാഗങ്ങൾ സൗഹൃദത്തോടെ പുലരേണ്ട കാലത്ത് ഒരു തെളിവുമില്ലാതെ അനാവശ്യമായ വിവാദങ്ങൾ വലിച്ചിട്ട് അന്തരീക്ഷം പ്രക്ഷുബ്ധമാക്കാൻ ആരും തുനിയരുത്. കേരളത്തിൽ മുസ്‌ലിം, ക്രൈസ്തവ സമുദായങ്ങളിൽ നിലനിൽക്കുന്ന സൗഹൃദത്തെ കളങ്കപ്പെടുത്തുന്ന നീക്കങ്ങൾ ഉണ്ടായിക്കൂട.
പാലാ ബിഷപ്പ് നടത്തിയ പരാമർശങ്ങൾ തികച്ചും അനുചിതമാണ്. അതൊഴിവാക്കാമായിരുന്നു. പ്രസ്താവനയെ ചൊല്ലിയുള്ള തർക്കങ്ങളും വിവാദവും തുടർന്നുകൂടാ. ഇതിൻ്റെ പേരിൽ ക്രൈസ്തവ സമുദായത്തെയൊന്നാകെ അധിക്ഷേപിക്കുന്നത് അപലപനീയമാണെന്നും മുസ്‌ലിം ജമാഅത്ത് പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.