തിരുവനന്തപുരം: തകരാർ മൂലം മൂന്ന് ആഴ്ചയായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന എഫ്-35ബി ബ്രിട്ടീഷ് യുദ്ധവിമാനം നന്നാക്കാൻ ബ്രിട്ടീഷ് സംഘം എത്തി. ബ്രിട്ടീഷ് വ്യോമസേനയുടെ എയർബസ് എ400എം വിമാനത്തിലാണ് സംഘം എത്തിയത്. വിമാനത്തിന്റെ തകരാർ പരിഹരിക്കാൻ സംഘം തിരുവനന്തപുരത്ത് തുടരും. എയർബസ് വിമാനം ഇന്ന് തന്നെ തിരിച്ചുപോകും.
യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ, അത് പൊളിച്ചുകൊണ്ട് പോകാനാണ് നീക്കം. ജൂൺ 14 ന് ബ്രിട്ടന്റെ അഞ്ചാം തലമുറ യുദ്ധവിമാനമായ എഫ്-35 ഇന്ധനം തീർന്നതിനെ തുടർന്നാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. തുടർന്നുള്ള പരിശോധനയിൽ സാങ്കേതിക തകരാർ കണ്ടെത്തി.
അറബിക്കടലിലെ സൈനികാഭ്യാസത്തിനായായിരുന്നു എഫ്-35 വിമാനം തിരുവനന്തപുരത്ത് എത്തിയത്. എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ ഇന്ധനം തീരുകയും വിമാനം അടിയന്തരമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലും സ്റ്റാര്‍ട്ടിംഗ് സംവിധാനത്തിലും പ്രശ്‌നം കണ്ടെത്തി. വിദഗ്ധര്‍ ശ്രമം നടത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് വിമാനത്തിന്റെ മടക്കം നീണ്ടത്. നിലവില്‍ വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാ വലയത്തിലാണ് വിമാനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










